സൗദി അറേബ്യയിൽ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

news image
Oct 14, 2022, 2:52 pm GMT+0000 payyolionline.in

ജിദ്ദ: സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. റെഡ്സീ ഡെവലപ്​മെൻറ്​ കമ്പനിയാണ്​ നിർമാണം നടത്തിയത്​. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും.

3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലമെന്ന്​ റെഡ്​സീ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വിശദീകരിച്ചു.

പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. ഇത് സമഗ്രമായ സുസ്ഥിര വികസനത്തിലേക്കുള്ള കുതിപ്പാണെന്ന് സി.ഇ.ഒ വ്യക്തമാക്കി.

പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന​. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പരിസ്ഥിതി സൗഹൃദപരമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് വലിയനിർമാണ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണ് ‘ശൂറ’ പാലമെന്നും സി.ഇ.ഒ പറഞ്ഞു.

പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ്​ പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ജൂലൈ 31 നാണ്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി ​പ്രഖ്യാപിച്ചത്​. ആകെ 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി. ഉംലജ്, അൽവജ്​അ്​ പ്രദേശങ്ങൾക്കിടയിലുള്ള 90-ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ദ്വീപുകളെ ടൂറിസ്​ കേന്ദ്രങ്ങളാക്കി മാറ്റി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ്​ നടന്നുവരുന്നത്​.

ഈ വർഷം അവസാനത്തോടെ ദ്വീപിലെ ആദ്യത്തെ ഹോട്ടൽ തുറക്കാനാണ്​ പദ്ധതി. ആദ്യഘട്ടത്തിൽ പദ്ധതിയിട്ടിരിക്കുന്ന 16 ഹോട്ടലുകൾ അടുത്ത വർഷം അവസാനത്തോടെയും തുറക്കും. 2030 ൽ പദ്ധതി പൂർത്തിയാകുമ്പോൾ ചെങ്കടലിൽ 8,000 വരെ മുറികളുള്ള 50 ഹോട്ടലുകൾ, 1,000 ലധികം റെസിഡൻഷ്യൽ യൂനിറ്റുകൾ, ഒരു ആഡംബര കടലോര റിസോർട്ട്, മറ്റ്​ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും​ റെഡ്​സീ ടൂറിസം പദ്ധതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe