സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

news image
Oct 24, 2022, 3:11 pm GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ). വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി  എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്.

ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്.

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച്, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണം. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

അതേസമയം ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe