ദില്ലി: ഒരു സാമ്പത്തിക, സാങ്കേതിക ശക്തിയായുള്ള ഇന്ത്യയുടെ ഉയർച്ചയെ ലോകം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ സെമി കണ്ടക്ടര്‍ നിർമാണം രാജ്യത്തിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വമ്പൻ പ്രഖ്യാപനങ്ങളാണ് മേഖലയില്‍ വന്നിട്ടുള്ളത്. അമേരിക്കൻ സന്ദർശനത്തിനിടെ സെമി കണ്ടക്ടര്‍ വ്യവസായത്തിൽ ഇന്ത്യയുടെ സാധ്യതകൾ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രമായി ശ്രമിച്ചിരുന്നു.
പ്രഖ്യാപനങ്ങളിൽ ഗ്ലോബൽ മെമ്മറി എൻ സ്റ്റോറേജ് ചിപ്പ് മേക്കറിന്റെ പ്രധാന നിക്ഷേപങ്ങളും ഉൾപ്പെടുന്നു. കൂടാതെ, വാണിജ്യവത്കരണത്തിനും നവീകരണത്തിനുമുള്ള അപ്ലൈഡ് മെറ്റീരിയലിന്റെ പുതിയ സെമി കണ്ടക്ടര്‍ കേന്ദ്രവും 60,000 ഹൈടെക് എഞ്ചിനീയർമാർക്ക് ഇന്ത്യയിൽ ലാം റിസർച്ചിന്റെ പരിശീലന പരിപാടിയും പോലുള്ള പ്രഖ്യാപനങ്ങളുമുണ്ട്. സെമി കണ്ടക്ടര്‍ വിഷൻ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളിൽ ഇന്ത്യയുടെ സെമിക്കൺ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി 76,000 കോടി രൂപയുടെ നിക്ഷേപമാണ് വന്നത്.
സെമിക്കോൺ ഇന്ത്യ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ 5 പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. അടുത്ത തലമുറ ഡിജിറ്റൽ ഇന്ത്യ ആർ ഐ എസ് സി -വി ചിപ്പുകളും സിസ്റ്റങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു തന്ത്രപ്രധാനമായ ഇന്ത്യ ആർ ഐ എസ് സി-വിപ്രോജക്ടും നടക്കുന്നുണ്ട്. ഭാവിയെ മുന്നിൽ കണ്ട് ആഗോള തലത്തിൽ 85,000 വി എൽ എസ് ഐ എഞ്ചിനീയർമാരെ സൃഷ്ടിക്കുക, 2023 അധ്യയന വർഷത്തിൽ ആഗോള വ്യവസായ പ്രമുഖരുടെ പങ്കാളിത്തത്തോടെ രൂപകൽപ്പന ചെയ്ത സെമികണ്ടക്ടർ പാഠ്യപദ്ധതി അവതരിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.