സിനിമയിലെ ലഹരി ഉപയോഗം; അന്വേഷണം ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച്, വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രം

news image
May 6, 2023, 1:14 am GMT+0000 payyolionline.in

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും പരിശോധനയും അന്വേഷണങ്ങളും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രം. കഴിഞ്ഞ എട്ട് മാസത്തിൽ കൊച്ചിയിൽ നാല് ജൂനിയർ ആർടിസ്റ്റുകൾ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവർ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളിൽ ആർക്കൊക്കെ വിതരണം ചെയ്തു എന്നതിൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ല. രാസ ലഹരിയുടെ രസത്തിൽ മയങ്ങുന്ന വമ്പന്മാരെ പിടിക്കാൻ വലയൊരുങ്ങിയെന്ന് സിനിമാ സംഘടനകൾ. എന്നാൽ എക്സൈസിന്‍റെ വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രമാണ്.

2022 ആഗസ്റ്റ് 17.എട്ടര ഗ്രാം എംഡിഎംഎയുമായി ട്രാൻസ്ജന്‍റർ ദീക്ഷ പിടിയിലാകുന്നു.സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്. ദീക്ഷയുടെ മൊഴിക്ക് പിന്നാലെ അന്വേഷണം എത്തിയത് മോഡലായ റോസ് ഹെമ്മയിലേക്ക്. ശരിക്കുമുള്ള പേര് ഷെറിൻ ചാരു. 2023 മാർച്ച് 24ന് ഇടപള്ളിയിൽ വച്ച് 2.25ഗ്രാം എംഡിഎംഎയുമായി ഷെറിൻ പിടിയിലാകുന്നത്. സിനിമാ മേഖലയിൽ വിപുലമായ ബന്ധങ്ങളുള്ള ഷെറിന്‍റെ മയക്കുമരുന്ന് ഇടപാടുകാർ ആരൊക്കെ എന്നതിൽ ഒരുമാസത്തിനിപ്പുറവും ഉത്തരമില്ല.

2023 ജനുവരി എട്ടാം തീയതിയാണ് കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയും ജൂനിയർ ആർട്ടിസ്റ്റായ ബ്ലെയ്സി പിടിയിലാകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാർച്ച് മാസം ആശാൻ സാബുവെന്ന ശ്യാമിലേക്ക് അന്വേഷണം എത്തി.സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരിൽ ഒരാളെന്ന് എക്സൈസും സമ്മതിക്കുന്നു.20ഗ്രാം എംഡിഎംഎയുമായി ഇടപ്പള്ളിയിൽ നിന്നാണ് ശ്യാം പിടിയിലാകുന്നത്.ശ്യാം നൽകിയ വിവരങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അഭിനേതാവായ ചാർളി എന്നറിയപ്പെടുന്ന നിധിൻ ജോസിനെ മാർച്ച് 9ന് പിടികൂടി.വരാൽ,എല്ലാം സെറ്റാണ് അടക്കം ഒരു ഡസൻ സിനിമകളിൽ പ്രവർത്തിച്ച നിതിൻ ജോസിനെ വാടകവീട്ടിൽ നിന്നുമാണ് എക്സൈസ് സംഘം പിടികൂടുന്നത്.

സിനിമാ രംഗത്തെ മയക്കുമരുന്ന് വിതരണക്കാർ എന്ന് എക്സൈസ് വ്യക്തമാക്കുമ്പോഴും ആർക്ക് വിതരണം ചെയ്തു ഏതൊക്കെ സെറ്റുകളിൽ മയക്കുമരുന്ന് എത്തിച്ചു എന്നതിൽ അന്വേഷണം എങ്ങുമെത്തിയില്ല.പിടികൂടുമ്പോൾ നടന്നത് സിനിമാ ചർച്ചയാണെന്ന് നിതിന്‍റെ ജാമ്യ ഹർജിയിൽ പരാമർശിക്കുന്നുണ്ട്.എക്സൈസിന്‍റെ നിരീക്ഷണത്തിലുള്ള പുതുമുഖ നടന്മാരുമായും അടുത്ത സൗഹൃദം. എന്നാൽ നിതിന്‍റെ അറസ്റ്റോടെ ചങ്ങല മുറിഞ്ഞു.ഫോറൻസിക്ക് റിപ്പോർട്ടുകളും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനകളും വൈകുന്നതാണ് പ്രധാന തടസമെന്ന് എക്സൈസ് പറയുന്നു.സിനിമയിലെ പലർക്കും വേണ്ടി ക്യാരിയറായി ബംഗലുരുവിൽ നിന്നുമാണ് വലിയ അളവിൽ ആശാൻ സാബുവെന്ന ശ്യാം മയക്കുമരുന്ന് എത്തിക്കുന്നത്.കർണ്ണാടകത്തിലെ അന്വേഷണവും ഇതുവരെ ലക്ഷ്യം കണ്ടില്ല.

ഇതൊക്കെ ലൊക്കേഷന് പുറത്ത് നടന്ന അറസ്റ്റുകളാണ്.സിനിമയിലെ മയക്കുമരുന്ന് കേസുകളിൽ മരുന്നിനെങ്കിലും നടന്ന അന്വേഷണങ്ങൾ.ലൊക്കേഷനുകളിലും കയറി പരിശോധന നടത്തും,മുഖം നോക്കാതെ നടപടി തുടങ്ങിയ വിരട്ടലുകൾ ഇപ്പോഴും ഉണ്ടയില്ലാ വെടികൾ മാത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe