സിക്കിമിൽ  വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും

news image
Dec 24, 2022, 12:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: സിക്കിമിൽ  വാഹനാപകടത്തിൽ മരിച്ച  മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ പാലക്കാട് മാത്തൂരിൽ എത്തിക്കും.  ഇന്ന് ഗാങ്ടോക്കിൽ വച്ച് പോസ്റ്റുമോർട്ടം അടക്കം നടപടികൾ പൂർത്തിയാക്കുമെന്നാണ് കുടുംബത്തിന് ലഭിച്ച ഒടുവിലത്തെ അറിയിപ്പ്. സേനയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ന് വൈശാഖിൻ്റെ വീട്ടിലെത്തി, പൊതു ദർശനത്തിന് അടക്കമുള്ള  ക്രമീകരണം വിലയിരുത്തും ചുങ്കമന്നം എയുപി സ്കൂളിലാകും പൊതുദർശനത്തിന് സൌകര്യം ഒരുക്കുക. വൈശാഖിൻ്റെ വീട് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സന്ദർശിച്ചു. 221 റെജിമെൻ്റിൽ നായിക് ആയിരുന്ന വൈശാഖ് , എട്ടു വർഷം മുമ്പാണ് സേനയിൽ ചേർന്നത്.  ഒക്ടോബറിലാണ് അവസാനമായി അവധിക്ക് വന്ന് മടങ്ങിയത്. ചിങ്ങണിയൂർക്കാവ് പുത്തൻ വീട്ടിൽ സഹദേവൻ്റെയും വിജയകുമാരിയുടേയും മകനാണ് വൈശാഖ്. ഭാര്യ ഗീത. ഒന്നരയ വയസ്സുള്ള മകനുണ്ട്.

ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. ഉത്തര സിക്കിമിലെ സേമ മേഖലയിൽ ഇന്നലെ രാവിലെ എട്ട് മണിക്കായിരുന്നു അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മലമുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസ‌ർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe