ശബരിമല: വകുപ്പുകളുടെ ഏകോപനം പാളുന്നു; നിയന്ത്രിക്കാൻ ഉന്നത ഉദ്യോഗസ്ഥനില്ല

news image
Nov 21, 2022, 4:58 pm GMT+0000 payyolionline.in

ശബരിമല: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം പാളുന്നു. മുൻകാലങ്ങളിൽ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കുറി അതുണ്ടായില്ല. പകരം ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടറെയാണ് എ.ഡി.എമ്മായി നിയമിച്ചിരിക്കുന്നത്. ഏകോപനത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കാത്തതുമൂലം പ്രവർത്തനങ്ങൾ താളംതെറ്റുന്നുണ്ട്.

പമ്പ – നീലിമല – സന്നിധാനം പാതയിൽ ഞായറാഴ്ച രാത്രി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടിരുന്നു. പമ്പാതീരത്ത് ആവശ്യത്തിന് വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി നദിയിൽ കുളിക്കാനിറങ്ങുന്നവർക്ക് നദിയുടെ ആഴം, ഒഴുക്ക് എന്നിവ മനസ്സിലാക്കാൻ കഴിയുന്നില്ല. സന്നിധാനത്ത് പലയിടത്തും കുടിവെള്ള വിതരണ കൗണ്ടറുകൾ ഉണ്ടെങ്കിലും അവയെല്ലാം രാത്രി 11ന് നടയടക്കുന്നതോടെ അടച്ചിടും. ഇതുമൂലം രാത്രി കുടിവെള്ളത്തിനായി ഭക്തർ നെട്ടോട്ടമോടുകയാണ്.

ചില കച്ചവട സ്ഥാപനങ്ങളിൽ 30 – 40 രൂപക്ക് കുപ്പിവെള്ളം വിൽപന നടത്തിയും തീർഥാടകരെ ചൂഷണം ചെയ്യുന്നുണ്ട്. ഭക്തർ തങ്ങുന്ന ഡോണർ ഹൗസുകളിലും പിൽഗ്രിം സെന്‍ററുകളിലും കുടിവെള്ളത്തിനായി സംവിധാനം ഒരുക്കിയിട്ടില്ല.

സന്നിധാനത്ത് പ്ലാസ്റ്റിക് നിരോധനംമൂലം കുപ്പികളിൽ കടകളിൽ വെള്ളം ലഭ്യമല്ല. ഈ സാഹചര്യത്തിൽ തീർഥാടകർ കുടിവെള്ള കൗണ്ടറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

സന്നിധാനത്ത് കൃത്യമായ ദിശാസൂചക ബോർഡുകൾ ഇല്ലാത്തതുമൂലം അന്തർസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ വരുന്ന തീർഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അക്കമഡേഷൻ ഓഫിസിൽ പണം അടച്ച ശേഷം സന്നിധാനത്തെ വിവിധയിടങ്ങളിൽ സ്ഥിതിചെയ്യുന്ന പിൽഗ്രിം സെന്‍ററുകൾ, ഡോണർ ഹൗസുകൾ, വിരിപ്പന്തലുകളിലേക്ക് പോകാൻ ദിശാസൂചക ബോർഡില്ലാത്തതുമൂലം തീർഥാടകർ വട്ടംകറങ്ങുകയാണ്.

ഇതേ അവസ്ഥയാണ് പ്രാഥമികാവശ്യം നിറവേറ്റുന്ന കാര്യത്തിലും. സന്നിധാനം ടോയ്ലറ്റുകൾ എവിടെയാണെന്നറിയാതെ ആളുകൾ നെട്ടോട്ടമോടുകയാണ്. തന്മൂലം വലിയ നടപ്പന്തലിന് സമീപവും ശബരി ഗെസ്റ്റ് ഹൗസിലേക്കുള്ള വഴിയിലും മാളികപ്പുറത്തിന് സമീപമുണ്ടായിരുന്ന മീഡിയ സെന്‍റർ പൊളിച്ചയിടത്തും പ്രാഥമികാവശ്യം നടത്തുന്നതുമൂലം ദുർഗന്ധം വമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe