വോട്ടര്‍ പട്ടിക പുതുക്കല്‍; ഡിസംബര്‍ എട്ടുവരെ പരാതികള്‍ സമര്‍പ്പിക്കാം

news image
Nov 26, 2022, 12:23 pm GMT+0000 payyolionline.in

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും നിർദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ എട്ടുവരെ അവസരം. ലഭിച്ച പരാതികള്‍ ഡിസബംര്‍ 26ന് മുമ്പ് തീര്‍പ്പാക്കി അടുത്ത ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ.ബിജു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക ശുചീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രീ റിവിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കായാണ് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക തയാറാക്കുന്നത്. തെറ്റുകള്‍ കടന്നുകൂടാതെയും പരാതികള്‍ക്കിടയാകാതെയും ഈ നടപടി പൂര്‍ത്തിയാക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെയും സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെയുമടക്കം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി താലൂക്ക് , വില്ലേജ്, ബൂത്ത് തലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 3,12 തീയതികളിലുമാണ് പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നത്. ഇതിന് പുറമെ ജില്ലയുടെ മലയോര, അതിര്‍ത്തി പ്രദേശങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആരെയെങ്കിലും വോട്ടര്‍ പട്ടികയില്‍ നിന്നും ചട്ടപ്രകാരമല്ലാതെ പുറത്താക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ അര്‍ഹരായവരെ മുഴുവന്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പാക്കാന്‍ കോളേജ് ലിറ്ററസി ക്ലബ്ബുകള്‍, യൂത്ത് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ വഴി പ്രചാരണം ശക്തമാക്കും.

നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ വോട്ടര്‍മാരായി മാറും. ഇത്തരക്കാരെക്കൂടി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നും യോഗത്തില്‍ ധാരണയായി. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍ www.nvsp.com, eci.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമര്‍പ്പിക്കാവുന്നതാണ്. പുതിയ അപേക്ഷകള്‍ക്കായി ഫോം 6ഉം, പ്രവാസി വോട്ടുകള്‍ ചേര്‍ക്കുന്നതിന് ഫോം 6എയും ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഫോം 6ബിയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ഫോം 7ഉം മണ്ഡലം മാറ്റുന്നതിനും തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടി ഫോം 8ഉം ഉപയോഗപ്പെടുത്താവുന്നതാണ്.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആധാര്‍ – വോട്ടര്‍ പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ വേഗത്തിലാക്കും. നിലവില്‍ 48 ശതമാനം പേരാണ് തങ്ങളുടെ ആധാര്‍ – വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ഉപയോഗിച്ച് ലളിതമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കും.

ആധാര്‍ – വോട്ടര്‍ പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സംക്ഷിപ്ത വോട്ടര്‍ പട്ടിക തയാറാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയ ജോസ് രാജ് സി.എല്‍ , ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe