കൊൽക്കത്ത: വിവാഹിതനാണെന്ന് പങ്കാളിയോട് വ്യക്തമാക്കിയതിന് ശേഷമുള്ള ലിവ് ഇൻ റിലേഷൻ വിശ്വാസവഞ്ചനയായി കാണാനാവില്ലെന്ന് കൽക്കട്ട ഹൈക്കോടതിയുടെ വിധി. ഒരു വർഷത്തോളം ഒരുമിച്ച് കഴിഞ്ഞ ശേഷം, ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാൻ പോയ ഹോട്ടൽ എക്സിക്യൂട്ടീവിനെതിരെ പങ്കാളി നൽകിയ പരാതിയിന്മേലാണ് വിധി. യുവാവ് നഷ്ടപരിഹാരമായി പങ്കാളിക്ക് 10 ലക്ഷം രൂപ പിഴ നൽകണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
വിശ്വാസവഞ്ചന എന്നാൽ മനപ്പൂര്‍വമുള്ള ചതിയായിരിക്കണം എന്നാണ് ഐപിസി സെക്‌ഷൻ 415 പറയുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നൽകിയെന്ന വാദം ഈ കേസിൽ തെറ്റാണ്. യുവാവ് വിവാഹിതനാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ച് ലിവ് ഇൻ റിലേഷനുകളിൽ ഏർപ്പെട്ടാലാണ് അത് വിശ്വാസവഞ്ചനയുടെ പരിധിയിൽ വരികയെന്നും കോടതി നിരീക്ഷിച്ചു.
2014 ഫെബ്രുവരിയിൽ ഹോട്ടൽ ജോലിയ്ക്കായി അഭിമുഖപരീക്ഷയ്ക്ക് പോയപ്പോഴാണ് പരാതിക്കാരി അവിടെ ഫ്രണ്ട് ഡെസ്‌ക് മാനേജരായ യുവാവിനെ പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ പരാജയപ്പെട്ട വിവാഹജീവിതത്തെക്കുറിച്ച് യുവാവ് പരാതിക്കാരിയോട് തുറന്നുസംസാരിക്കുകയും പിന്നാലെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. പിന്നീട് യുവാവ് ലിവ് ഇൻ റിലേഷന് താല്പര്യമുണ്‌ടെന്ന് പറഞ്ഞപ്പോൾ യുവതി അത് സമ്മതിക്കുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കൾ എത്രയും വേഗം വിവാഹം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, വിവാഹമോചനം നീട്ടിക്കൊണ്ടുപോകാനാണ് യുവാവ് ശ്രമിച്ചത്. ഒരു വർഷത്തിന് ശേഷം ഇയാൾ ഭാര്യയെ കാണാൻ മുംബൈയിലേക്ക് പോയി. തിരികെ കൊൽക്കത്തയിലേക്ക് വന്നപ്പോവാണ് വിവാഹമോചനത്തിന് തയ്യാറല്ലെന്ന നിലപാട് പങ്കാളിയെ അറിയിച്ചത്. ഇതോടെയാണ് ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച് പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നൽകിയത്.
നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച് തന്നെ വിവാഹം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞിരുന്നതെന്നും അതിനാലാണ് ലിവ് ഇൻ റിലേഷന് തയാറായതെന്നും യുവതി കോടതിയിൽ വാദിച്ചു. ഈ ബന്ധത്തിന്‍റെ തുടക്കം മുതൽ അനിശ്ചിതത്വമുണ്ടായിരുന്നു എന്ന് വ്യക്തമാണെന്നും എന്നാൽ പ്രതിക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.