കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ടൌൺഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തി. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ അനുസരിച്ച് വീടിന് നിർമ്മാണത്തിന് വേണ്ടി 22 പേർ മാത്രമാണ് സമ്മതപത്രം നൽകിയത്. ഒരാൾ മാത്രമാണ് 15 ലക്ഷം എന്ന സാമ്പത്തിക സഹായം അംഗീകരിച്ചത്. നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ദുരന്തബാധിതരും.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം എന്നാണ് സർക്കാർ തീരുമാനം. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നത്. അതേ സമയം,, ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം മുടങ്ങി. ആദ്യ മൂന്ന് മാസം മാത്രമാണ് ദുരന്തബാധിതർക്ക് ധനസഹായം കിട്ടിയത്. കഴിഞ്ഞ 4 മാസമായി ധനസഹായം കിട്ടിയിട്ടില്ല. 9 മാസത്തേക്ക് ധനസഹായം നീട്ടുന്നതായി തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെ നൽകണമെന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയില്ല. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി വയനാട് ജില്ല ഭരണകൂടം സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല.