വന്ദേഭാരത് ട്രാക്കിലായോ? കേരളത്തിൽ ആറ് ദിനങ്ങളിൽ നേടിയത് കോടികൾ! പകുതിയും ‘ഒറ്റ ട്രിപ്പിന്’; കണക്കുകൾ പുറത്ത്

news image
May 5, 2023, 4:11 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പുറത്ത്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്. കൃത്യമായി പറഞ്ഞാൽ 2.7 കോടി രൂപയാണ് ആദ്യത്തെ ആറ് ദിവസം കൊണ്ട് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ നിന്ന് നേടിയത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനുള്ളത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ്. ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും.

ഈ മാസം 25 ാം തിയതി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്. എട്ട് മണിക്കൂര്‍ സമയത്തിൽ തിരുവനന്തപുരം –  കാസർകോട് എത്തുന്ന ക്രമത്തിലാണ് വന്ദേഭാരത് ഓടുന്നത്. എന്നാൽ ആദ്യ ദിനങ്ങളിലെ വേഗം പിന്നീടില്ലെന്നതടക്കമുള്ള പരാതികളുണ്ട്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു എന്ന ആക്ഷേപവും ഇതിനിടെ ഉയർന്നിരുന്നു.

എന്നാൽ വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തിയിരുന്നു. വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe