പയ്യോളി : 2024 ലോകസഭ തെരഞ്ഞെടുപ്പിന് നഗരസഭ പ്രദേശത്തെ എല്ലാ പോളിംഗ് ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സർവ്വകക്ഷി യോഗം തീരുമാനിച്ചു. എല്ലാ ബൂത്തുകളുടെ പരിസരങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ തുടങ്ങിയവ ഉപയോഗിക്കരുത്. നിരോധിച്ചതും പ്രകൃതിക്ക് ദോഷം വരുത്തുന്നതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.
പ്രകൃതി സൗഹൃദ വസ്തുക്കളായ ഓല, മുള പായ, കുരുത്തോല, തുടങ്ങിയവ കൊണ്ടുള്ള അലങ്കാരങ്ങളും തോരണങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭക്ഷണം കഴിക്കുന്നതിന് കഴുകി ഉപയോഗിക്കാൻ പറ്റുന്ന പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഡിസ്പോസിബിൾ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ ഉപയോഗിക്കരുത്. നഗരസഭയിലെ കിഴൂർ എ യു പി സ്കൂളിലെ ബൂത്തിനെ മാതൃകാ ഹരിത പോളിംഗ് ബൂത്തായി മാറ്റും. തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.
എല്ലാ പോളിംഗ് ബൂത്തുകളിലും ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തെരെഞ്ഞെടുപ്പിന് ശേഷം അവ വേർതിരിച്ച് സംസ്കരിക്കുന്നതിനും നഗരസഭ സംവിധാനം ഒരുക്കുന്നതാണ്. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.ചന്ദ്രൻ ഹരിത പെരുമാറ്റം ചട്ടം സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസ് , മനോജ് പി. വി , കെ.ടി ലിഖേഷ്,മൂസ മടിയാരി , മുഹമ്മദ് ബഷീർ എം സി , കെ.ടി സത്യൻ, മനോജ് കുമാർ ചാത്തങ്ങാടി, പി.ടി രാഘവൻ, വി എം ഷാഹുൽ ഹമീദ്, എസ് കെ ബാബു സരിൻ അറുവയിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.