ലഹരിക്കെതിരെയുള്ള സംഘടിത പ്രതിരോധം കേരളത്തിലുടനീളം വളർത്തണം: സമദാനി

news image
Aug 17, 2023, 4:08 pm GMT+0000 payyolionline.in
കൊയിലാണ്ടി: കേരളീയ സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വൻ ഭീഷണിയായി വളർന്ന് കൊണ്ടിരിക്കുന്ന ലഹരിമാഫിയയെ ചെറുക്കാൻ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ഇത്തരം നീക്കങ്ങൾ കേരളത്തിലുടനീളം വളർത്തിയെടുക്കണമെന്നും ഡോ എം പി അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. സർക്കാറിന്റെ പുതിയ ജനവിരുദ്ധ നയം തിരുത്തുക. ലഹരിമാഫിയയെ തുരത്തുക എന്ന ആവശ്യമുന്നയിച്ച് ലഹരി വിരുദ്ധ ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പുതിയ മദ്യനയം തിരുത്തുക, ലഹരിമാഫിയകളെ നിയന്ത്രിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മദ്യം നിരോധിക്കാനുണ്ടായിരുന്ന സർക്കാർ റദ്ദ് ചെയ്ത അധികാരം പുനസ്ഥാപിക്കുക. സ്കൂൾ കോളേജ് പാഠപുസ്തകങ്ങളിൽ ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ അസീസ് മാസ്റ്റർ, വി വി സുധാകരൻ, നുറുദ്ദീൻ ഫാറൂഖി, മുജീബ് അലി എന്നിവർ അവതരിപ്പിച്ചു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നുള്ള പ്രതിജ്ഞ സി. ഹനീഫ മാസ്റ്റർ സദസിന് ചൊല്ലി കൊടുത്തു. പരിപാടിയുടെ ഭാഗമായി മദ്യവിരുദ്ധ സമര പോരാളികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെയും ഇ പത്മിനി ടീച്ചറെയും വേദിയിൽ ആദരിച്ചു. പരിപാടിയിൽ ടി ടി ഇസ്മയിൽ , പി.വി. അബ്ദുറഹ്മാൻ ഹൈതമി,
എൻ വി ബാലകൃഷ്ണൻ,  ഫസലുറഹ്മാൻ മാസ്റ്റർ, മുസ്തഫ എം കെ,  കാസിം മാസ്റ്റർ, പപ്പൻ കണ്ണാടി, അബ്ദുള്ള കരുവഞ്ചേരി, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ജനകീയവേദി ചെയർമാൻ കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ വി പി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ ഹബീബ് മസൂർ സ്വാഗതവും നൗഫൽ സാറാബി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe