ലബനൻ പേജർ സ്ഫോടനം: റിൻസൻ നോർവേ കമ്പനി വിട്ടു, ‘കാണാതാകൽ കേസ്’ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

news image
Nov 6, 2024, 2:11 pm GMT+0000 payyolionline.in

കോട്ടയം: ലബനനിലെ പേജർ സ്ഫോടനങ്ങളിൽ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പനിയിൽനിന്നു ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്. ഒന്നരയാഴ്ചയ്ക്കുമുൻപ് കമ്പനി അയച്ച ഇമെയിലിനോട് റിൻസൻ പെട്ടെന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ കമ്പനിയുടെ ഭാഗമല്ലെന്നും ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ  പ്രതികരിച്ചു. റിൻസനെ കാണാനില്ലെന്നതിൽ ഓസ്‌ലോ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചു. അതേസമയം, ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.

ഹിസ്ബുല്ലയുടെ സേനാംഗങ്ങളെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ പേജർ ആക്രമണങ്ങളിൽ പേജർ വാങ്ങാൻ പണം കൈമാറിയത് റിൻസന്റെ കമ്പനി വഴിയാണെന്നാണ് അന്വേഷണ ഏജൻസികൾക്കു വിവരം കിട്ടിയത്. റിൻസൻ ജോസിന്റെ കമ്പനി നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ഇസ്രയേലിലെ ബാങ്കിൽനിന്ന് പണമെത്തിയിരുന്നുവെന്ന് പുറത്തുവന്നിരുന്നു. (നോർവേയിലെ ഒരു കമ്പനിയിൽ റിൻസൻ ജോലി ചെയ്യുന്നുമുണ്ട്. ഈ കമ്പനിയിൽനിന്നാണ് ഇപ്പോൾ റിൻസൻ ജോലി വിട്ടിരിക്കുന്നത്) ഇതിനു പിന്നാലെ റിൻസനെക്കുറിച്ചു സെപ്റ്റംബർ 17 മുതൽ നോർവെയിലെ കമ്പനി അധികൃതർക്കോ സുഹൃത്തുക്കൾക്കോ വയനാട്ടിലെ കുടുംബത്തിനോ വിവരം ലഭിച്ചിരുന്നില്ല.

തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരി‌ൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നോർവെയിൽ

താമസിക്കുന്ന റിൻസന്റെ കമ്പനി ബൾഗേറിയയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, റിൻസൻ കമ്പനിയുമായി ബന്ധപ്പെട്ടതിൽ സന്തോഷമെന്ന് വയനാട്ടിലെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. എന്നാൽ നോർവെയിലെ സുഹൃത്തുക്കൾക്ക് റിൻസൻ എവിടെയെന്നതിനെക്കുറിച്ച് ഇപ്പോഴും സൂചനയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe