മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു; മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലിട്ട് മൂടി

news image
Mar 19, 2025, 7:01 am GMT+0000 payyolionline.in

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലിട്ട് സിമന്‍റിട്ട് മൂടി. ലണ്ടനിൽനിന്ന് നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെ ഭാര്യ മുസ്കാൻ റസ്തഗി, കാമുകനായ സാഹിൽ ശുക്ല എന്നിവർ ചേർന്നാണ് കൊന്നതെന്ന് മീററ്റ് എസ്.പി ആയുഷ് വിക്രം സിങ് അറിയിച്ചു.

സൗരഭ് രജ്പുത്തിനെ മാർച്ച് നാല് മുതൽ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതി പൊലീസിന് ലഭിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ മുസ്കാനും താനും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തിയെന്ന് സാഹിൽ സമ്മതിക്കുകയായിരുന്നു. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി ഡ്രമ്മിലിട്ട ശേഷം സിമന്‍റിട്ട് മൂടിയെന്നും ഇയാൾ ഏറ്റുപറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ ഫയൽ ചെയ്തു. മൃതദേഹം കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും എസ്.പി വ്യക്തമാക്കി.

2016ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇത്. ഭാര്യക്കൊപ്പം കൂടുതൽ സമയം പങ്കിടാൻ സൗരഭ് മർച്ചന്‍റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. എന്നാൽ ഈ തീരുമാനം വീട്ടുകാരിൽനിന്ന് ദമ്പതികളെ അകറ്റുകയും ഇരുവരും വാടകവീട്ടിൽ താമസമാരംഭിക്കുകയും ചെയ്തു. 2019ൽ ഇവർക്ക് പെൺകുട്ടി ജനിച്ചു. എന്നാൽ സുഹൃത്ത് കൂടിയായ സാഹിലുമായി മുസ്കാന് വിവാഹേതര ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞതോടെ ബന്ധത്തിൽ വിള്ളൽ വീണു.

വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനത്തിലെത്തിയെങ്കിലും മകളുടെ ഭാവിയെ കരുതി സൗരഭ് പിൻവാങ്ങി. മർച്ചന്‍റ് നേവിയിൽ തിരികെ ജോലിക്ക് കയറാനായി 2023ൽ സൗരഭ് രാജ്യംവിട്ടു. ഫെബ്രുവരി 28ന് മകളുടെ ആറാം പിറന്നാൾ ആഘോഷിക്കാനായാണ് സൗരഭ് തിരിച്ചെത്തിയത്. ഇതിനോടകം കൂടുതൽ അടുത്ത മുസ്കാനും സാഹിലും ചേർന്ന് സൗരഭിനെ കൊല്ലാൻ പദ്ധതിയൊരുക്കി. മാർച്ച് നാലിന് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി. ഉറങ്ങിക്കിടന്ന സൗരഭിനെ കത്തി ഉപയോഗിച്ച് സാഹിൽ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ, സൗരഭ് ഹിൽ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്ന് നാട്ടുകാരോട് മുസ്കാൻ പറഞ്ഞു. സൗരഭിന്‍റെ ഫോണുമായി ഇരുവരും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോൺ വഴി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ കുടുംബാംഗങ്ങളുടെ കാൾ എടുക്കാതായതോടെ സംശയം തോന്നി പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe