മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

news image
Jun 13, 2023, 3:27 am GMT+0000 payyolionline.in

കൊച്ചി: കെപിസിസി പ്രസിഡന്‍റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് നീക്കം. ഇന്ന് രാവിലെ 11ന് കെ സുധാകരൻ മാധ്യമങ്ങളെ കാണും. വിഷയത്തിൽ പ്രതികരിക്കുമെന്നാണ് വിവരം.

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേർത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബ‍ർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല.

കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe