പയ്യോളി: മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിൽ നിയമങ്ങളെല്ലാം മൂലധന ശക്തികൾക്ക് അനുകൂലമായിപൊളിച്ചെഴുതുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളി ടൗണിൽ സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കാനും തൊഴിലവകാശങ്ങൾ സംരക്ഷിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തി എന്ന നിലക്ക് തൊഴിലാളി വർഗ്ഗത്തെ ഒന്നാകെ ഏകോപിപ്പിക്കാനുള്ള പ്രവർത്തങ്ങൾ ശക്തിപ്പെടുത്താനാണ് ഈ സാഹചര്യം ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തോട് നിരന്തരമായി ആവശ്യപ്പെടുന്നത്.
ജാതിമത വർഗീയ വിഭജനങ്ങൾക്കപ്പുറം ഒരു വർഗ്ഗം എന്ന നിലക്ക് സംഘടിക്കാനും കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് അധ്വാനിക്കുന്ന വർഗ്ഗം ഇന്ന് ഒന്നിച്ച് ഏറ്റെടുക്കേണ്ടതെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. എ കെ ഷൈജു അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു, സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, ടി ചന്തു മാസ്റ്റർ, ഇ എം രജനി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.