മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാൻൻ്റ് നില പരിതാപകരം. മഴക്കാലമായതോടെ മേപ്പയ്യൂർ ബസ്സ്റ്റാൻറിൽ കുട ചൂടാതെ നിൽക്കാൻ കഴിയില്ല. യാത്രക്കാർക്ക് കയറി നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയാണ്.ആസ്ബറ്റോസ് കൊണ്ടുള്ള മേൽക്കുരക്ക് കേടുപാട് പറ്റി സ്റ്റാൻ്റിൻ്റെ മധ്യഭാഗത്ത് വരെ ചോർച്ചയാണ്. യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളിലൊന്ന് തുരുമ്പ് പിടിച്ച് തകർന്നടിഞ്ഞിട്ടുണ്ട്.
3500ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന മേപ്പയൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, രണ്ട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി ഐ, ടി.ടി.ഐ, ഹോമിയോ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിനേന
ബസ്റ്റാൻ്റിനെ ആശ്രയിക്കുന്നത്. ഇതോടൊപ്പം നാട്ടുകാരും വിവിധ ഓഫീസുകളിലേക്ക് പോകുന്നവരും മഴക്കാലത്ത് ദുരിതക്കയം പേറുകയാണ്.ഒരു മൂത്രപ്പുര പോലും ഇതുവരെ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യക്കാർ ടാക്സി സ്റ്റാൻ്റിനടുത്തുള്ള പബ്ലിക് കൺഫർട്ട് സ്റ്റേഷനെ ആശ്രയിക്കേണ്ട നിലയാണ്.
2000 ൽ അന്നത്തെ വടകര എം.പി ആയിരുന്ന എ.കെ പ്രേമജം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റാൻ്റ് നിർമ്മിച്ചത്. പഞ്ചായത്ത് ഭരണ സമിതി എല്ല് വർഷങ്ങളിലും മേപ്പയ്യൂർ നഗരസൗന്ദര്യവൽക്കരണവും ബസ്റ്റാൻ്റ് നവീകരണവുമൊക്കെ
ചർച്ചക്കു വരാറുണ്ടെങ്കിലും വഞ്ചി ഇപ്പഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. നഗരത്തിൻ്റെ വളർച്ചയെ ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യപ്രദമായ ബസ്റ്റാൻ്റ് കോംപ്ലക്സ് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി പഞ്ചായത്ത് ഭരണസമിതി പ്രകടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.