മൂരാട് റെയിൽവേ ഗേറ്റിന് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം; പയ്യോളി നഗരസഭ 34-ാം ഡിവിഷൻ വാർഡ് സഭ ചേർന്നു

news image
Jul 12, 2026, 5:44 am GMT+0000 payyolionline.in

ഇരിങ്ങൽ: കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന മൂരാട് ഓയിൽമിൽ റെയിൽവേ ഗേറ്റിന് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ഉടൻ ആരംഭിക്കണമെന്ന് പയ്യോളി നഗരസഭ 34-ാം ഡിവിഷൻ (ഇരിങ്ങൽ) വാർഡ് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വാർഡ് സഭാ സമ്മേളനത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ നിധീഷ് പി.വി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വാർഡ്സഭാ കാലയളവിൽ മരണപ്പെട്ടവർക്കും, വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും വാർഡ് സഭ അനുശോചനം രേഖപ്പെടുത്തി. ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയും മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകി വിടപറയുകയും ചെയ്ത കടവത്ത് വിഷ്ണുവിനും യോഗത്തിൽ പ്രത്യേക അനുശോചനം അർപ്പിച്ചു. വാർഡ് കമ്മിറ്റി അംഗം അശ്വന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

വാർഡ് പരിധിയിലെ എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ജി എക്സാം റാങ്ക് ജേതാക്കൾ എന്നിവരെ യോഗത്തിൽ അനുമോദിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.

തുടർന്ന് 2026-27 വർഷത്തെ വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് വാർഡിൽ അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം തുടർപ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ അവലോകനം, 2026 ലെ മാലിന്യ പരിപാലന ചട്ടങ്ങൾ, വരാനിരിക്കുന്ന സെൻസസ് നടപടികൾ തുടങ്ങിയവയും വാർഡ് സഭയിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.

നഗരസഭ ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, വികസന സമിതി അംഗം ബൈജു ഇരിങ്ങൽ, സഞ്ജയൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വികസന സമിതി അംഗം പി.വി ബാബു സ്വാഗതവും വാർഡ്സഭ കോഡിനേറ്റർ അശ്വതി നന്ദിയും പറഞ്ഞു. വാർഡ് സഭയിൽ പങ്കെടുത്തവർക്കായി നടത്തിയ നറുക്കെടുപ്പിലൂടെയുള്ള ‘വാർഡ്സഭ പ്രമോട്ടിങ് പേഴ്സൺ’ സമ്മാനത്തിന് കാട്ടുകുറ്റി ശ്രീകുമാർ അർഹനായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe