മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

news image
Nov 27, 2022, 8:24 am GMT+0000 payyolionline.in

ദില്ലി: തിഹാർ ജയിലിൽ വിവിഐപി ചികിത്സ ലഭിച്ചതിന് ദില്ലി മന്ത്രിയും ആം ആദ്മി പാർട്ടി  നേതാവുമായ സത്യേന്ദർ ജെയിനെ ദില്ലി കോടതി വിമർശിച്ചതിന് തൊട്ടുപിന്നാലെ,  മുറിക്കുള്ളിൽ അദ്ദേഹത്തിന് സേവനങ്ങൾ നൽകാൻ പത്ത് പേരെ നിയോഗിച്ചതായുള്ള വിവരം പുറത്തുവന്നു. സത്യേന്ദർ ജെയിനിന്റെ മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, പുറത്തുനിന്നുള്ള ഭക്ഷണവും മിനറൽ വാട്ടറും പഴങ്ങളും വസ്ത്രങ്ങളും എത്തിക്കുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പ്രത്യേകമായി എട്ട് ആളുകളെ നിയോ​ഗിച്ചിരുന്നത്. മറ്റ് രണ്ട് പേർ  സൂപ്പർവൈസർമാരായി പ്രവർത്തിച്ചതായി തിഹാർ ജയിൽ വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഈ പത്തുപേരും ജയിൽ തടവുകാരാണോ അതോ മന്ത്രിയെ കാണാൻ സൌജന്യമായി അനുവദിച്ചിരുന്ന ചില വിദേശികളാണോ എന്ന കാര്യം അന്വേഷിക്കും.

 

ജയിലിൽ പ്രത്യേക ഭക്ഷണം ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ നൽകിയ ഹർജി ശനിയാഴ്ച റോസ് അവന്യൂ കോടതി തള്ളിയിരുന്നു. തനിക്ക് ജൈനരീതിയിലുള്ള ഭക്ഷണം നൽകിയിട്ടില്ലെന്ന് സത്യേന്ദ്രർ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പ്രവേശം അനുവദിച്ചിട്ടില്ലെന്നും   ക്ഷേത്രത്തിൽ പോകാതെ സ്ഥിരമായി ഭക്ഷണം കഴിക്കാറില്ലെന്നും  പഴങ്ങളും സാലഡുകളും അടങ്ങിയ ‘മതപരമായ’ ഭക്ഷണമാണ് താൻ സ്വീകരിച്ചിരുന്നതെന്നും ജെയിൻ തന്റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ശരിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ പരാതിയിൽ ബുധനാഴ്ച കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി തേടിയിരുന്നു. ഇതിനുള്ള മറുപടിയിൽ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷയൊന്നും ലഭ്യമായിട്ടില്ലെന്നാണ്  ജയിൽ അധികൃതർ വിശദീകരണം നൽകിയത്.

അതിനിടെ, ജയിലിൽ കഴിയുന്ന മന്ത്രിയുടെ സെല്ലിൽ ഹൗസ് കീപ്പിംഗ് സേവനങ്ങൾ നടക്കുന്നതിന്റെ മറ്റൊരു സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.  അതിൽ അദ്ദേഹം സെല്ലിലെ ആളുകളുമായി ഇടപഴകുന്നത് കാണാം. ജയിലിൽ പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ലഭ്യമാക്കണമെന്ന ജെയിന്റെ ഹർജി പ്രത്യേക ജഡ്ജി വികാസ് ദുൽ തള്ളിയിരുന്നു  ബലാത്സംഗക്കേസ് പ്രതിയായ റിങ്കു, ജെയിന് പതിവായി ബോഡി മസാജ് ചെയ്യാറുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്   അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സത്യേന്ദർ തിഹാർ ജയിലിൽ എത്തിയത്. തിഹാർ ജയിലിനുള്ളിൽ സത്യേന്ദർ ജെയിൻ ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് പ്രത്യേക ഭക്ഷണം അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷ നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe