മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ടൗൺഷിപ്പിന്റെ രണ്ടാം ഘട്ട നിർമ്മാണം മന്ദഗതിയിലെന്ന് ആരോപണം

news image
Jun 18, 2026, 10:51 am GMT+0000 payyolionline.in

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാം ഘട്ട നിർമ്മാണം മന്ദഗതിയിലെന്ന് ആരോപണം. നിർമ്മാണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരന്തബാധിതർ. മഴയ്ക്ക് മുൻപേ വീടുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കും എന്ന് അധികൃതർ നൽകിയ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരന്ത ബാധിതർ.

സോൺ അഞ്ചിലാണ് കൂടുതൽ വീടുകളുടെയും നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാതെ കിടക്കുന്നത്.കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിൽ പല വീടുകളുടെയും വാർപ്പ്,പ്ലംബിംഗ് വയറിങ്, അടക്കമുള്ള നിർമ്മാണ പ്രവർത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. മുൻപ് രാപ്പകൽ വ്യത്യാസമില്ലാതെ രണ്ടായിരത്തി മുന്നൂറിലധികം തൊഴിലാളികൾ പ്രതിദിനം ജോലി ചെയ്തിരുന്നു. എന്നാൽ നിലവിൽ വെറും അറന്നൂറോളം പേർ മാത്രമാണ് ടൗൺഷിപ്പിൽ ജോലി ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ നിർമ്മിക്കേണ്ട 149 വീടുകളുടെ നിർമ്മാണം ഇതോടെ മന്ദഗതിയിലായി.

തൊഴിലാളികളുടെ എണ്ണത്തിൽ വന്ന വൻ കുറവാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.

മന്ത്രിമാരായ ടി. സിദ്ദീഖ്, കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത്തിയൊന്നിന് കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് തൊഴിലാളികളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം നൽകിയെങ്കിലും ഫലം കണ്ടില്ല. രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് പോലും ഇതുവരെ പൂർത്തിയായില്ല. ഒന്നാം ഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ 120 വീടുകളിലാണ് ഇതുവരെ താമസം തുടങ്ങിയത്. കാലവർഷം ശക്തിയാകുന്ന സാഹചര്യത്തിൽ നിർമ്മാണം മുടങ്ങാൻ സാധ്യതയുണ്ടെന്നും കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമ്മാണം വേഗം പൂർത്തിയാക്കണമെന്നാണ് ദുരന്ത ബാധിതരുടെ ആവശ്യം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe