കൊയിലാണ്ടി: ഉത്തർപ്രദേശിലെ ബറേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതി ലളിതകലാ അക്കാദമി സംഘടിപ്പിച്ച ദേശീയ ചിത്രകലാ പ്രദർശനത്തിൽ കൊയിലാണ്ടി സ്വദേശി സായിപ്രസാദിന് പുരസ്കാരം. അബനീന്ദ്രനാഥ ടാഗോറിന്റെ 155-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 7-ന് നടത്തിയ പ്രദർശനത്തിലാണ് കേരളത്തിൽ നിന്നുള്ള ചിത്രകാരനായ സായിപ്രസാദ് ഈ അംഗീകാരം നേടിയത്. പഞ്ചാബിലെ ജസ്പ്രീത് സിംഗ്, തെലങ്കാനയിൽ നിന്നുള്ള ഡോ. ഹരിപ്രിയ നരസിംഹൻ, ഗുജറാത്തിൽ നിന്നുള്ള രഘുവീർ സിംഗ് എന്നിവരും പുരസ്കാരത്തിന് അർഹരായി.
‘അണ്ടർ ദ സോഷ്യൽ ഗേസ്’ (Under the Social Gaze) എന്ന ആശയത്തിൽ തയാറാക്കിയ ചിത്രത്തിനാണ് സായിപ്രസാദിന് പുരസ്കാരം ലഭിച്ചത്. ഏകാന്തതയുടെയും വിശ്രമത്തിന്റെയും നിമിഷങ്ങളിൽ പോലും ഒരു വ്യക്തി സമൂഹത്തിന്റെ നിരന്തരമായ വിധിന്യായങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയനാകുന്നത് എങ്ങനെയെന്നും, ചുറ്റുമുള്ള സമൂഹം ആ വ്യക്തിയെ എങ്ങനെ നിർണ്ണയിക്കുന്നുവെന്നും പ്രമേയമാക്കുന്നതാണ് ചിത്രം. അക്രിലിക് മീഡിയത്തിൽ 3×3 ചതുരശ്ര അടിയിൽ പോസ്റ്റ് മോഡേൺ ശൈലിയിലാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. കടുപ്പമുള്ള ചുവപ്പും തിളക്കമുള്ള പച്ചയും ചേരുന്ന പശ്ചാത്തലത്തിൽ, വ്യക്തി വിശ്രമിക്കുമ്പോൾ അവരുടെ നിഴൽ ഒരു ഭാരമേറിയ മൃഗത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന നാടകീയ മുഹൂർത്തമാണ് വർണ്ണങ്ങളിലൂടെ അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്.
കലാരത്ന, ഡോ. എ.പി.ജെ. അബ്ദുൾ കലാം പുരസ്കാരം തുടങ്ങി നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ സായിപ്രസാദ് മുൻപും നേടിയിട്ടുണ്ട്. ആർട്ട് ക്യൂറേറ്റർ, ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി മേധാവി, കൊരയങ്ങാട് കലാക്ഷേത്രത്തിലെ ചിത്രകലാ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് അദ്ദേഹം. കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് നിധിനയാണ് ഭാര്യ. മകൾ: സായിമീര (ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനി).
