മീനങ്ങാടിയിൽ ഭീതി പരത്തിയ ഹൈവേ കൊള്ളസംഘത്തിലെ 2 പേർ പിടിയിൽ; അറസ്റ്റ് ചെയ്തത് ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

news image
Oct 2, 2026, 5:48 am GMT+0000 payyolionline.in

കൽപ്പറ്റ: മീനങ്ങാടിയിൽ കാർ തടഞ്ഞ് പണവും വാഹനവും കവർന്ന ഹൈവേ റോബറി കേസിൽ രണ്ടുപേർ പിടിയിൽ. കണ്ണൂർ തലശേരി അണിയാരം മൂത്തേടത്ത്കുനിയിൽ വീട്ടിൽ എം കെ രഞ്ജു (32), നെല്ലൂന്നി താഴെപഴശി സൗരവ്നിവാസിൽ സൗരവ് സുനിൽ എന്നിവരെയാണ് പൊലിസ് പിടികൂടിയത്. കണ്ണൂർ കേളകത്തിന് സമീപം ബാവലി പുഴ കടന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. സംഘത്തിലെ എട്ട് പേർ കൂടി ഇനി പിടിയിലാകാനുണ്ട്.

സംഘം കവർന്ന ഇന്നോവയ്ക്ക് പുറമെ പ്രതികൾ സഞ്ചരിച്ചിരുന്ന മറ്റൊരു ഇന്നോവയും ഐ20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന ജാഫറിന്റെ ഇന്നോവയാണ് വയനാട് മീനങ്ങാടിക്കടുത്ത ചില്ലിങ് പ്ലാന്റിന് സമീപം ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞത്. തുടർന്ന് കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് 21,000 രൂപയും വാഹനവും കവർന്നെന്നാണ് പരാതി. മീനങ്ങാടിയിൽ നിന്ന് കവർന്ന ഇന്നോവ കണ്ണൂർ കേളകത്ത് എത്തിയപ്പോൾ പട്രോളിങ്ങ് നടത്തുന്ന പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയിൽ കവർന്ന വാഹനവും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലിസ് കണ്ടെത്തുകയുമായിരുന്നു.

പൊലീസിനെ കണ്ട് കൊള്ള സംഘം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പുഴകടന്ന് രക്ഷപ്പെടാൻ ശ്രമിച്ച് രണ്ടുപേരെയാണ് കേളകം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. മറ്റു പ്രതികൾ രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേർ മീനങ്ങാടി പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇവർ തട്ടികൊണ്ടുപോയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ എം.കെ രഞ്ജുവിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പതിമൂന്നോളം കേസുകളാണുള്ളത്. ഇതിൽ ആക്രമണം, സംഘം ചേർന്ന് അതിക്രമം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഉൾപ്പെടുന്നു. അതേസമയം, പയ്യന്നൂർ കുഞ്ഞിമംഗലത്ത് ജൂൺ രണ്ടിന് മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗമും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളയാളാണ് പിടിയിലായ സൗരവ് സുനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe