കോഴിക്കോട്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ഈ മാസം ആറിന് രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലയിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി വിശദമായ ചർച്ചകൾ നടത്തും. യോഗത്തിൽ വെച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.
പ്രവാസികാര്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന കോഴിക്കോട് ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളുടെ അവലോകനവും യോഗത്തിൽ നടക്കും. പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0471 2512063, 0471 2512600.
