പയ്യോളി: നിര്‍മ്മാണ പ്രവര്‍ത്തി വൈകിയത് മൂലം വിവാദത്തിലായ പയ്യോളി ടൌണ്‍ – ഐപിസി – തീര്‍ഥ റോഡിന്റെ ടാറിങ് പ്രവര്‍ത്തി ഇന്നാരംഭിച്ചു. 29 ലക്ഷം രൂപയില്‍ 500 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. മഴ ശക്തമായ ജൂണ്‍ മാസത്തിലാണ് പ്രവര്‍ത്തി ആരംഭിച്ചത്. കിഴക്ക് വശത്തെ ഡ്രെയ്നേജ് പ്രാദേശിക എതിര്‍പ്പ് മൂലം പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റേണ്ടി വന്നത് നിര്‍മ്മാണം വൈകാന്‍ പ്രധാന കാരണമായതായി കരാര്‍ ഏറ്റെടുത്ത തൃക്കോട്ടൂര്‍ ലേബര്‍ സഹകരണ സംഘം പറയുന്നു. ആവശ്യമുള്ള നാല് മീറ്റര്‍ വിട്ട് നല്കാതെയുള്ള എതിര്‍പ്പിനെ തുടര്‍ന്നു ചില ഇടങ്ങളില്‍ മൂന്ന് മീറ്ററിലാണ് റോഡ് നിര്‍മ്മിക്കേണ്ടി വരുന്നത്.
മഴ ശക്തമായതോടെ ദേശീയപാതയിലെ കോടതിക്ക് സമീപത്തെ സര്‍വ്വീസ് റോഡില്‍ വെള്ളകെട്ടും ഗര്‍ത്തവും രൂപപ്പെട്ടതോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തീര്‍ഥ ഹോട്ടലിന് സമീപത്തെ റോഡിലൂടെയായിരുന്നു പോയിരുന്നത്. എന്നാല്‍ നഗരസഭയിലെ അഞ്ചോളം ഡിവിഷനുകളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിയ്ക്കുന്ന റോഡ് അനന്തമായി അടച്ചിടത്ത് കാരണം ഇരുദിശയിലുമുള്ള വാഹനങ്ങള്‍ തീര്‍ഥ മുതല്‍ പേരാമ്പ്ര റോഡ് വരെയുള്ള പോക്കറ്റ് റോഡില്‍ ഏറെ നേരം കുടുങ്ങികിടക്കുന്നതു പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ന് ടാറിങ് പൂര്‍ത്തിയാക്കുന്ന ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്ത ശേഷമാകും തീര്‍ഥയുടെ ഭാഗത്തുള്ള രണ്ടാം ഘട്ടം ടാറിങ് നടത്തുക. ഇതോടൊപ്പം ഐപിസി റോഡിലെ കറ്റേരിപ്പാലം മുതല്‍ മിനി ഇന്‍ഡസ്ട്രിയല്‍ റോഡ് വരെയുള്ള ഭാഗത്തേക്ക് റീ- ടാറിങ്ങിനായി ഇരുപതുലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ടാറിങ് പ്രവര്‍ത്തി വിലയിരുത്തുന്നതിനായി നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുള്‍ റനീഷ്, ഓവര്‍സിയര്‍ ഹാരിസ് എന്നിവര്‍ സ്ഥലത്തുണ്ട്.