‘മാപ്പില്ലാത്ത ക്രൂരത’;വടകര ചോറോട് ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച 9 വയസുകാരി 6 മാസമായി കോമയിൽ; പാതിവഴിയിൽ നിലച്ച് പൊലീസ് അന്വേഷണം

news image
Aug 27, 2024, 4:29 am GMT+0000 payyolionline.in
കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താൻ പൊലീസിനായില്ല. ഗുരുതര പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് പോലും കിട്ടാത്ത സ്ഥിതിയാണ്. സിസിടിവി പോലുള്ള നിരവധി നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടാണ് ദേശീയപാതയില്‍ നടന്ന അപകടത്തിന്റെ തെളിവുകൾ പൊലീസിന് ലഭിക്കാത്തത്.

ഈ വര്‍ഷം ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുഞ്ഞ്.

ദേശീയപാതയിലൂടെ കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് സിസി ടിവി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും വടകര ലോക്കല്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത്. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും തുമ്പുണ്ടാക്കാനായില്ല. വാഹനം കണ്ടെത്തിയില്ലെങ്കിൽ അപകട ഇന്‍ഷുറന്‍സ് പോലും പാവപ്പെട്ട ഈ കുടുംബത്തിന് ലഭിക്കില്ല. കാർ കണ്ടെത്താൻ അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe