പയ്യോളി : ഒന്നര വർഷത്തിലേറെ നിർമ്മാണം പൂർണമായും നിലച്ച ദേശീയപാതയിൽ പയ്യോളി അയനിക്കാട് അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള കൾവേർട്ട് നിർമ്മാണം ഇന്നലെ മുതൽ വീണ്ടും ആരംഭിച്ചു. നേരത്തെ ഒരു ഭാഗം പൂർത്തിയാക്കിയ ഈ കൾവെർട്ട് നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ പ്രതിഷേധത്തിലായിരുന്നു. ഇതിലൂടെ ഒഴുകിവരുന്ന മലിനജലം സമീപത്തെ വീട്ടുകാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ഒഴുക്കി വിടുമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു പ്രതിഷേധം. നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറെ നേരിൽ കണ്ടു പരിസരത്തെ വീട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. നിർമ്മാണം അശാസ്ത്രീയമാണെന്നും അനാവശ്യമാണെന്നും ആരോപിച്ച് നഗരസഭയിലെ 12 ആം ഡിവിഷൻ ഗ്രാമസഭ പ്രമേയം പാസാക്കിയിരുന്നു.
ഈ പ്രദേശത്തെ കൾവേർട്ട് നിർമ്മാണം നേരത്തെയുള്ള സ്കെച്ചിൽ ഇല്ലെന്നും രണ്ടു കിലോമീറ്റർ ദൂരത്ത് നിന്നുള്ള മലിനജലം ഒഴുക്കി വിട്ടാൽ സമീപത്തെ വീട്ടുകാരുടെ ജീവിതം ദുസഹം ആകും എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടെ വലിയ അളവിൽ വെള്ളം റെയിൽവേ ട്രാക്കിന് സമീപത്തേക്ക് വരുന്നത് തീവണ്ടി ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അതിനാൽ റെയിൽവേ വൻമതിൽ കെട്ടി വെള്ളത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കും എന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ പ്രദേശത്തെ വീട്ടുകാർ കെട്ടിക്കിടക്കുന്ന മലിന ജലത്തിന് സമീപത്ത് ജീവിക്കേണ്ടി വരും എന്ന് ഭയപെട്ടിരുന്നു.
ഇന്നലെ യന്ത്രങ്ങൾ ഉപയോഗിച്ച് വീണ്ടും നിർമ്മാണം ആരംഭിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടർന്ന് സ്ഥലത്തെത്തിയ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ, ഡിവിഷൻ കൗൺസിലർ ഖാലിദ് കോലാരികണ്ടി, ദേശീയപാതാ അതോറിറ്റി സൈറ്റ് ഇൻചാർജ് ഉദ്യോഗസ്ഥൻ രാജ് പാൽ തുടങ്ങിയവർ അടങ്ങുന്ന സംഘം ഡ്രൈനേജിൽ നിന്നുള്ള വെള്ളം കുറ്റിയിൽ പീടിക ബസ്റ്റോപ്പിന് സമീപത്തുള്ള നഗരസഭ റോഡിൽ ഡ്രൈനേജ് നിർമ്മിച്ച് ഒഴുക്കി വിടുമെന്ന ഉറപ്പിൽ പ്രശ്നം അവസാനിക്കുകയായിരുന്നു. ഇതോടെ ഏറെക്കാലമായി തർക്കത്തിലും വിവാദത്തിലും പെട്ട കൾവേർട്ടിന്റെ നിർമ്മാണം വേഗത്തിൽ ആയിട്ടുണ്ട്.