കോഴിക്കോട്: വെങ്ങളം–-രാമനാട്ടുകര ദേശീയപാത ആറുവരിയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജങ്ഷനിലെ മേൽപ്പാലം ഫെബ്രുവരിയോടെ ഗതാഗത യോഗ്യമാകും. കോഴിക്കോട്–-വയനാട് റോഡിലെ ഒരുഭാഗമാവും തുറന്നുകൊടുക്കുക.
മലാപ്പറമ്പ് ജങ്ഷനിൽ നിർമിക്കുന്ന 40 മീറ്റർ വെഹിക്കിൾ ഓവർപാസിന്റെ അടിത്തറ നിർമാണം പുരോഗമിക്കുന്നു. മലാപ്പറമ്പ് ജങ്ഷനിൽ 11.5 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിക്കുന്നത്. തറ നിർമാണം ഡിസംബർ 10നകം പൂർത്തിയായേക്കും. നവംബറിൽ തന്നെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പൈപ്പുകളും കേബിളുകളും മാറ്റിസ്ഥാപിക്കുന്നതിനാൽ വൈകി.
മലാപ്പറമ്പ് ജങ്ഷനിൽ കോഴിക്കോട് വയനാട് റോഡിലാണ് മേൽപ്പാലം നിർമിക്കുന്നത്. വെങ്ങളം–-രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി ഈ മാസമാണ് മലാപ്പറമ്പിൽ ഗതാഗത ക്രമീകരണം നടത്തി റോഡ് കുഴിക്കാൻ തുടങ്ങിയത്.