മയക്കുമരുന്ന് ഉപയോഗിക്കാന്‍ സൊണാലിയെ സഹായി നിര്‍ബന്ധിച്ചെന്ന് സി.ബി.ഐ കുറ്റപത്രം

news image
Nov 22, 2022, 2:05 pm GMT+0000 payyolionline.in

ന്യൂഡൽഹി: നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതായി സി.ബി.ഐ കുറ്റപത്രം. സൊണാലിയുടെ സഹായി നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയതായി സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ സുധീർ സാങ്‌വൻ, സുഖ്‌വീന്ദർ സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്‍റെ കുറ്റപത്രം സി.ബി.ഐ ഗോവ കോടതിയിൽ സമർപ്പിച്ചു.

അഞ്ജുന ബീച്ചിലെ നിശാക്ലബ്ബായ കുർലീസിൽ വെച്ച് പ്രതികൾ മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് അടങ്ങിയ വെള്ളം സൊണാലിയെ നിര്‍ബന്ധിച്ച് കുടിപ്പിച്ചതായി ഗോവ പൊലീസിന്‍റെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും കുറ്റസമ്മത മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഗോവ പൊലീസിന്‍റെ കണ്ടെത്തൽ.

സൊണാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ സഹായികള്‍ അവര്‍ താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി ഹോട്ടലിലേക്ക് കൊണ്ടുപോയി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൊണാലി മരണപ്പെടുകയായിരുന്നു. നിശാക്ലബിൽ വെച്ച് സൊണാലിയെ നിർബന്ധിച്ച് അജ്ഞാത പാനീയം കുടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ആഗസ്റ്റ് 23ന് സൊണാലി മരിച്ചതിന് പിന്നാലെ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അന്വേഷണമാവശ്യപ്പെട്ട് സൊണാലിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe