മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

news image
Jul 25, 2023, 1:24 am GMT+0000 payyolionline.in

ദില്ലി: മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിൽ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച് ചർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ഇന്ത്യ സഖ്യത്തിന്‍റെ ആവശ്യം. വിഷയത്തില്‍ ചർച്ച നടത്താമെന്ന് വ്യക്തമാക്കിയ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യ സഖ്യം അംഗീകരിച്ചിട്ടില്ല.

അതേസമയം ഇന്ന് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പങ്കെടുന്ന യോഗത്തില്‍ പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചർച്ച ചെയ്യും. ഇന്ത്യ സഖ്യ പ്രതിനിധികളുടെ യോഗവും ഇന്ന് നടക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ മുറിയിലാണ് ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കള്‍ യോഗം ചേരുക.

സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്ഥാനിലെയും മാൾഡയിലെയും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബം​ഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവർദ്ധൻ സിം​ഗ് റാത്തോ‍ഡ് എംപി പറഞ്ഞു. മോദി സർക്കാർ സ്ത്രീകൾക്കായി 11 കോടി ശുചിമുറികളുണ്ടാക്കി. പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തി. പാർലമെന്‍റില്‍ ചർച്ചയ്ക്ക് തയാറാകണമെന്നാണ് സർക്കാറിന്‍റെ  ആഗ്രഹം. പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമ‌ർശിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരമല്ല. ഏത് സംസ്ഥാനത്ത് നടന്നാലും തെറ്റാണെന്നും അവര്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി. ചോദ്യോത്തരവേളക്ക് ശേഷം ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി എംപിമാർ ആവശ്യപ്പെട്ടു. പാർലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് പാർലമെന്‍റിനകത്ത് സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe