ഭൂകമ്പത്തിൽ സഹായഹസ്തവുമായി ഇന്ത്യ; ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച് നന്ദിയറിയിച്ച് തുർക്കി

news image
Feb 7, 2023, 3:37 pm GMT+0000 payyolionline.in

ന്യൂഡ‍ൽഹി ∙ വൻ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിടുമ്പോൾ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുർക്കി രംഗത്ത്. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ, ആവശ്യങ്ങളിൽ സഹായിക്കുന്നവരാണു യഥാർഥ സുഹൃത്ത്’ എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്. തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ വൻ ഭൂകമ്പത്തിൽ ഇതുവരെ 5000ൽ അധികം പേർ കൊല്ലപ്പെട്ടതായാണു കണക്ക്.

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഇന്ത്യ ചെയ്ത സഹായങ്ങൾക്കു തുർക്കി സ്ഥാനപതി നന്ദിയറിയിച്ചത്. ‘‘ടർക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് ‘ദോസ്ത്’. ടർക്കിഷ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തിൽ സഹായിക്കുന്നവരാണ് യഥാർഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ’ – ഫിറത്ത് സുനൽ കുറിച്ചു.

നേരത്തെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. ദുരന്തത്തിലുള്ള വേദനയും അനുശോചനവും പങ്കുവച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കിക്ക് പിന്തുണ അറിയിച്ച കാര്യവും തുർക്കി സ്ഥാനപതിയുമായി പങ്കുവച്ചു.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യ പ്രത്യേക ദൗത്യസംഘത്തെ തുർക്കിയിലേക്ക് അയയ്ക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്കൊപ്പം മെഡിക്കൽ രംഗത്തുനിന്നുള്ളവരും സംഘത്തിലുണ്ട്. തുർക്കി സർക്കാരുമായി സംസാരിച്ച് ഇന്ത്യയിൽനിന്നു ദുരന്തനിവാരണ സേനയുടെ സംഘത്തെയും മെഡിക്കൽ ടീമിനെയും അവിടേക്ക് അയയ്ക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ദുരിതാശ്വാസത്തിനായി ഒട്ടേറെ അവശ്യ സാധനങ്ങളും അയയ്ക്കുന്നുണ്ട്. എൻഡിആർഎഫിന്റെ രണ്ടു സംഘങ്ങൾ തുർക്കിയിലേക്കു പോകാൻ തയാറാണെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായകളും രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ സംഘം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe