സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡൻ്റായി ഷറഫലി ചുമതലയേറ്റു

news image
Feb 7, 2023, 3:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരള സ്പോട്സ് കൗൺസിലിൻറെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി ചുമതലയേറ്റു. കായികമന്ത്രിയുമായുള്ള ഭിന്നതയാണ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മേഴ്സിക്കുട്ടൻറെ രാജിക്കുള്ള കാരണമെങ്കിലും മേഴ്സിക്കുട്ടനെ ഷറഫില് പുകഴ്ത്തി. രാജിയിൽ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ് മേഴ്സി കുട്ടൻ.

കായികമന്ത്രിയുമായുള്ള ഭിന്നതകൾക്ക് പിന്നാലെ ഒളിംപ്യൻ മേഴ്സി കുട്ടൻ രാജിവച്ചതിന് തൊട്ടടുത്ത ദിവസമാണ് പുതിയ അധ്യക്ഷൻറെ ചുമതലയേൽക്കൽ. രാവിലെ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തിയ യു.ഷറഫലിയ്ക്ക് ഉദ്യോഗസ്ഥർ സ്വീകരണം നൽകി. സർക്കാരും സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ കാലാവധി കഴിയും മുന്പ് സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം രാജിവച്ചൊഴിഞ്ഞ ഒളിംപ്യന്മാരായ അഞ്ജു ബോബി ജോർജ്ജിനേയും മേഴ്സികുട്ടനേയും കുറ്റപ്പെടുത്താതെ ആദ്യ പ്രതികരണം.

പലതായി പ്രവർത്തിക്കുന്ന വിവിധ കായിക അസോസിയേഷനുകളെ ഒന്നിപ്പിക്കുകയും പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുകയുമാണ് ലക്ഷ്യമെന്നും യു.ഷറഫലി വ്യക്തമാക്കി. സ്പോർട്സ് കൗൺസിലിന് ഫണ്ട് നൽകാതെയും പാർട്ടി പ്രവർത്തകർക്ക് ആധിപത്യമുള്ള കേരള ഒളിംപിക് അസോസിയേഷന് ആവശ്യാനുസരണം പണം അനുവദിക്കുകയും ചെയ്യുന്നതിലെ അതൃപ്തിയുമായാണ് മേഴ്സി കുട്ടൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഫണ്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾ സിപിഎമ്മിൻറേയും കായികമന്ത്രിയുടേയും അതൃപ്തിക്കിടയാക്കി. സ്വന്തം ജില്ലക്കാരനായ യു.ഷറഫലിയെ സ്പോർട്സ് കൗൺസിലിൻറെ തലപ്പത്തെത്തിക്കാൻ കായികമന്ത്രിയും പാർട്ടി അനുഭാവിയ്ക്കായി സിപിഎമ്മും നേരത്തെതന്നെ ശ്രമം തുടങ്ങിയിരുന്നു. കായികമന്ത്രിയോട് ഭിന്നതയുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മേഴ്സിക്കുട്ടൻ തയ്യാറല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe