‘ഭാവിയിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി’; ‘മോദിയോട് എന്താണിത്ര ദേഷ്യം’, അമിത് ഷായെ പരിഹസിച്ച് സ്റ്റാലിൻ

news image
Jun 12, 2023, 2:38 pm GMT+0000 payyolionline.in

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്നാണ്’ അമിത് ഷായോട് എം.കെ സ്റ്റാലിന്‍റെ ചോദ്യം. ഭാവിയിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി ഉണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ബിജെപി പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സ്റ്റാലിന്‍റെ പരിഹാസം.

‘ഭാവിയിൽ തമിഴ്നാട്ടിൽനിന്നൊരു പ്രധാനമന്ത്രി വരും. അതു ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണ’മെന്ന് തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ‘അമിത് ഷായുടെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ലെന്ന്’ സ്റ്റാലിൻ പരിഹസിച്ചു. തമിഴ് നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനും ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്- സ്റ്റാലിൻ പറഞ്ഞു.

പാർട്ടി പ്രവർത്തകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽനിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിൻ, പ്രസ്താവന പരസ്യമാക്കാൻ അമിത് ഷായെ വെല്ലുവിളിച്ചു. തമിഴ്നാടിനെ കേന്ദ്രം തഴയുകയാണ്, വികസന പദ്ധതികള്‍ക്ക് പണം അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ഭരണഘടനാപരമായ കടമയാണെന്നും സ്റ്റാലിൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe