കോഴിക്കോട്: ഭാര്യയോടൊപ്പം ബസ് സ്റ്റാൻഡിൽ നിന്ന മലപ്പുറം സ്വദേശി റഫീഖിനെ ഒരുവിധ പ്രകോപനവും കൂടാതെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ. രണ്ട് കൊലപാതക കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്ത കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങളെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 13ന് പാളയം ബസ് സ്റ്റാൻഡിലാണ് സംഭവം. ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ കസബ സബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തും സംഘവും ചേർന്ന് തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും ഒഡിഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞ പ്രതിയെ സിറ്റി ക്രൈംസ്ക്വാഡ് വേഷപ്രച്ഛന്നരായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്. പൊലീസ് പിടികൂടാൻ വന്നാൽ വായിലിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ അര ഡസൻ ബ്ലേഡ് കഷണങ്ങൾ തയാറാക്കി വെച്ചെങ്കിലും തന്ത്രത്തിൽ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലും ബ്ലേഡ് വായിലിടാൻ ശ്രമിച്ചെങ്കിലും പൊലീസ് തട്ടിമാറ്റുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായ ഇയാൾക്കെതിരെ കൊലപാതകം, അടിപിടി, മോഷണം, പിടിച്ചുപറി, പോക്സോ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങി മുപ്പതോളം ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. കസബ ഇൻസ്പെക്ടർ കിരൺ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽകുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, കസബ സ്റ്റേഷനിലെ എ.എസ്.ഐ ഷീബ, എസ്.സി.പി.ഒ ജിതേന്ദ്രൻ, സി.പി.ഒമാരായ മുഹമ്മദ് സകറിയ, സൈലേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.