തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ ബജിയിൽ സോസ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചായക്കടക്കാരന് ക്രൂരമർദനം. വർക്കല സ്വദേശിയായ അഫ്സലിനാണ് മർദനമേറ്റത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ സ്വദേശി അലക്സാണ്ടർ (29), ഇരവിപുരം സ്വദേശി ഫിനോൾഡ് (24), മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാപ്പിൽ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ അഫ്സലിന്റെ കടയിൽനിന്ന് ബജി കഴിക്കുന്നതിനിടെ സോസ് കുറഞ്ഞുപോയെന്ന് പറഞ്ഞ് തർക്കത്തിലാവുകയായിരുന്നു. അഫ്സൽ കൂടുതൽ സോസ് നൽകിയെങ്കിലും അത് വലിച്ചെറിഞ്ഞ് സംഘം കടയിൽനിന്ന് പോയി. പിന്നീട് വൈകിട്ട് അഞ്ചു മണിയോടെ തിരിച്ചെത്തിയ യുവാക്കൾ അഫ്സലിനെ ആക്രമിക്കുകയായിരുന്നു.
കടയിലുണ്ടായിരുന്ന വടിയും പാറക്കല്ലും ഉപയോഗിച്ച് അഫ്സലിനെ അടിക്കുകയും മുഖത്ത് പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അഫ്സലിന്റെ സഹോദരി ഹസീനയെയും പ്രതികൾ ആക്രമിച്ചു. തടഞ്ഞുവെച്ച നാട്ടുകാരാണ് പ്രതികളെ പോലീസിന് കൈമാറിയത്. അമിതമായി മദ്യപിച്ചിരുന്ന പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
