പയ്യോളി : ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തീവണ്ടിയിലേക്കു കയറാൻ വരുന്നവർക്കും, പ്രത്യേകിച്ച് മുതിർന്നവരും സ്ത്രീകളുമെല്ലാം വലിയ പ്രയാസം നേരിടുന്നു. പ്ലാറ്റ്ഫോം ഇല്ലാത്തതിനാൽ തീവണ്ടിക്കകത്തേക്ക് കയറാൻ പലപ്പോഴും സാഹസികത വേണമെന്നതാണ് അവസ്ഥ. ‘പ്ലാറ്റ്ഫോം ഉള്ളിടത്ത് തീരെ ഉയരമില്ല. അതിലേറെ സ്ഥലത്ത് പ്ലാറ്റ്ഫോം ഒട്ടും ഇല്ലതാനും’.തീവണ്ടി സ്റ്റേഷനിൽ എത്തിയ ശേഷം കയറുന്നതിന് യാത്രക്കാർക്ക് മെയ്‌വഴക്കം കൂടിയെ തീരൂ, ചിലപ്പോൾ ചെറിയ സാഹസികതയും ആവശ്യമാണെന്ന് ഇവിടുത്തെ യാത്രക്കാർ പറയുന്നു.
ഇവിടെ തീവണ്ടി നിർത്താൻ തുടങ്ങിയകാലം മുതൽ ഉയരമുള്ള പ്ലാറ്റ്ഫോം നിർമിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞകാലങ്ങളിൽ ഇവിടെ നിന്നും ജയിച്ചുപോയ എം.പി.മാരും മറ്റും നാട്ടുകാർക്ക് തിരഞ്ഞെടുപ്പ് കാലത്ത് പ്ലാറ്റ്ഫോം നിർമിക്കുമെന്ന് വാഗ്ദാനംചെയ്യാറുണ്ട്. എന്നാൽ പ്ലാറ്റ്ഫോം എന്ന യാഥാർഥ്യം ഇരിങ്ങൽ നിവാസികളുടെ മനസ്സിൽ ഉയരങ്ങളിൽ തന്നെയായിരുന്നു. ചിലപ്പോൾ റെയിൽവേ പണം അനുവദിക്കുമെങ്കിലും മതിയായ ഫണ്ട് ഇല്ലാത്തതിനാൽ കരാർഏറ്റെടുക്കാൻ ആരും ഉണ്ടാവാറില്ല.
രാവിലെയും വൈകീട്ടുമായി നാല് തീവണ്ടികൾ ഇവിടെ നിർത്തുന്നുണ്ട്. കോവിഡ് മഹാമാരിക്കിടയിൽ ഇവിടെ സ്റ്റോപ്പ് ഇല്ലാതായ തീവണ്ടികൾ പിന്നീട് ഓടിത്തുടങ്ങിയെങ്കിലും പല തീവണ്ടികളും ഇപ്പോൾ നിർത്തുന്നില്ല. ഇതിനെല്ലാം സ്റ്റോപ്പ് അനുദിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം. ഉയരമുള്ള പ്ലാറ്റ്ഫോം നിർമ്മിച്ച് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
റെയിൽവേ ഗേറ്റ് ഇല്ലാത്തതിനാൽ വലിയൊരു പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇരിങ്ങൽ റെയിൽവേ ലൈനിൽ അടിപ്പാതവേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.ആവശ്യമായസ്ഥലവും ഇവിടെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾക്കായി ഒരിക്കൽകൂടെ നാട്ടുകാർ സമരരംഗത്ത് ഇറങ്ങുകയാണ്. ഈ ആവശ്യങ്ങൾക്കായി കേരളപ്പിറവി ദിനത്തിൽ ബഹുജനസായാഹ്ന ധർണ നടത്തുമെന്ന് റെയിൽവേ വികസനകമ്മിറ്റി ചെയർമാൻ പുത്തുക്കാട് രാമകൃഷ്ണൻ പറഞ്ഞു.