തിക്കോടി: രൂക്ഷമായ വെള്ളക്കെട്ടിൽ വലയുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് ഒഴിവാക്കി. ബുധനാഴ്ച വൈകുന്നേരം ദേശീയ പാതയുടെ കിഴക്കും, വ്യാഴാഴ്ച പടിഞ്ഞാറും ഭാഗത്തുള്ള റോഡ് മുറിച്ച് അടിയിൽ വലിയ പൈപ്പിട്ടാണ് വെള്ളം ഒഴിവാക്കിയത് .
ഒരാഴ്ചയായി തിക്കോടി പഞ്ചായത്ത് ബസാർ കിഴക്കും, പടിഞ്ഞാറുമായി ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥിതിയിലാണ്. പടിഞ്ഞാറ് കല്ലകത്ത് ഭാഗത്തുള്ളവർ തിക്കോടി ടൗൺ വഴി ചുറ്റിത്തിരിഞ്ഞാണ് കിഴക്ക് ഭാഗത്തെത്തുന്നത്.ആ ഭാഗത്തുള്ള സർവ്വീസ് സഹകരണ ബാങ്ക്, സാംസ്കാരിക നിലയം, വില്ലേജ് ഓഫീസ്, അക്ഷയ എന്നിവയുടെ പ്രവർത്തനമെല്ലാം വെള്ളക്കെട്ടിൽ നിശ്ചലമായിരുന്നു. വലിയ നഷ്ടം സംഭവിച്ചത് കച്ചവടക്കാർക്കാണ്. സമീപത്തെ ഒരു സൂപ്പർ മാർക്കറ്റിലെ സാധനങ്ങളെല്ലാം വെള്ളത്തിൽ കുതിർന്നു .
വെള്ളക്കെട്ടിന് തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ബസാറിൽ അനിശ്ചിതകാല നിരാഹാരം സമരം നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കലക്ടറെ നേരിൽകണ്ട് ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
ദേശീയപാതാ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി പഞ്ചായത്ത് ബസാറിലും, മലയൻ വെള്ളിക്കുളത്തിന് സമീപമുള്ള രണ്ട് ഓവുചാലുകൾ അടഞ്ഞു പോയതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായത്. ദേശീയപാതയിലൂടെ ഗതാഗതം മണിക്കൂറുകളോളം വഴിതിരിച്ചുവിട്ടാണ് പ്രവർത്തികൾ പൂർത്തിയാക്കിയത്.