ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവിലാകും നടക്കുകയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ജൂലായ് 13,14 തീയതികളിലാവും യോഗമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം ഷിംലയില്‍ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായി ബെംഗളൂരുവിലാകും അടുത്ത യോഗമെന്നാണ് പവാര്‍ വ്യക്തമാക്കിയിട്ടുള്ളത്. പട്നയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നില്ലെന്നും പവാര്‍ വ്യക്തമാക്കി.
വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ ചിലയിടങ്ങളില്‍ നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് പട്നയിലെ യോഗം നടന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനം യോഗത്തിനുശേഷം ഉണ്ടായി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ നടത്തിയ ദീര്‍ഘകാലത്തെ ശ്രമത്തിനൊടുവിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംയുക്ത യോഗം ചേരാനായത്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ഭിന്നതയടക്കം യോഗത്തില്‍ കല്ലുകടിയായി. കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തിലായിരുന്നു ഭിന്നത. യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.