പേരാമ്പ്ര: ആയിരക്കണക്കിന് യാത്രക്കാരും കച്ചക്കടക്കാരും ആശ്രയിക്കുന്ന പേരാമ്പ്ര ടൗണിലെ ബസ്റ്റാൻഡ് പരിസരവും ചെമ്പ്ര റോഡും ഒരു ചെറിയ മഴ വരുമ്പോൾ തന്നെ വെള്ളത്തിൽ മുങ്ങുകയും കച്ചവടക്കാരുടെ കച്ചവട സാധനങ്ങൾ ഉൾപ്പെടെ നശിക്കുകയും ആളുകളുടെ ജീവന് തന്നെ ഭീഷണി ആകുകയും ചെയ്യുന്നത് നിരന്തര കാഴ്ചയാണ്. നിലവിലെ സാഹചര്യത്തിൽ പേരാമ്പ്ര ചെമ്പ്ര റോഡ് മുതൽ ബസ് സ്റ്റാൻഡ് വരെയും താഴെ മാർക്കറ്റ് മുതൽ പൈതോത്ത് റോഡ് വരെയും വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്.
റോഡ് നിർമ്മാണത്തിന്റെ അപാകതയും വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനം ഇല്ലാത്തതും,പേരാമ്പ്ര നഗരത്തിൽ നടപ്പിലാക്കിയ അശാസ്ത്രീയ സൗന്ദര്യ വൽക്കരണവുമാണ് ഈ ദുരന്തത്തിന് കാരണമെന്ന് പകൽ പോലെ അറിയുന്നതാണ്.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരാതികൾ തന്നിട്ടും ഒരിടപെടൽ നടത്തിയില്ല എന്ന് മാത്രമല്ല ഇതിനെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലപാട് ആണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ കാര്യത്തിൽ അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങുമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു.ഈ ആവശ്യം ഉന്നയിച്ചു നിയോജക മണ്ഡലം ഭാരവാഹികൾ പി ഡബ്ല്യൂ ഡി അധികൃതർക്ക് നിവേദനം നൽകി.നിയോജക മണ്ഡലം പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ കെ സി മുഹമ്മദ്, സലീം മിലാസ്, ശംസുദ്ധീൻ വടക്കയിൽ, ടി കെ നഹാസ്, സി കെ ജറീഷ് എന്നിവർ പങ്കെടുത്തു.