പി ജയരാജന്റെ സുരക്ഷ കൂട്ടി, കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം

news image
Jul 28, 2023, 3:18 pm GMT+0000 payyolionline.in

തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം.

സ്പീക്കർ എ എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോരിനിറങ്ങിയിരുന്നു. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാപനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ ഭീഷണി മുഴക്കിയത്. ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്ന യുവമോർച്ച നേതാവ് ഗണേഷിന്‍റെ പ്രകോപന പരാമർശത്തിനായിരുന്നു ജയരാജന്റെ മറുപടി.

ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തിൽ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ചാണ് സ്പീക്കർക്കെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചത്. അതാണ് പരസ്പരം കൊലവിളിയിലും ഭീഷണിയിലും എത്തിയത്. ചൊവ്വാഴ്ച തലശ്ശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. മതം പറഞ്ഞുളള വിവാദ പ്രയോഗങ്ങൾ വേറെയുമുണ്ടായി.

അതിനാണ് പി.ജയരാജന്‍റെ മോർച്ചറി മുന്നറിയിപ്പ്. പിന്നാലെ പരസ്യ കൊലവിളി നടത്തിയ ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്പിക്ക് പരാതിയും നൽകി.സമൂഹമാധ്യങ്ങളിലും പ്രകോപന പോസ്റ്റുകൾ നിറയുകയാണ്. ഇതിനിനെടായാണ് ജയരാജന്റെ സുരക്ഷ വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe