പയ്യോളി: ജെ.സി.ഐ പയ്യോളിയും റണ്ണേഴ്സ് ക്ലബ് പയ്യോളിയും സംയുക്തമായി സെപ്റ്റംബർ 29-ന് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് ‘പയ്യോളി റൺ 2K24’ എന്ന പേരിൽ മാരത്തോൺ നടത്തി. 300-ൽ അധികം മത്സരാർത്ഥികളും കാണികളും പരിപാടിയിൽ പങ്കെടുത്തു.
പയ്യോളി ജെ.സി.ഐ പ്രസിഡന്റ് നിഷാന്ത് ഭാസുരത്തിന്റെ സ്വാഗതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ജെ.സി.ഐ സോൺ 21 പി.ആർ ആൻഡ് മാർക്കറ്റിംഗ് ചെയർമാൻ റഫീഖ് അധ്യക്ഷത വഹിച്ചു. മാരത്തോൺ സോൺ പ്രസിഡന്റ് രാജേഷ് നായർ ഉദ്ഘാടനം ചെയ്തു, പയ്യോളി സി.ഐ സജീഷ് ഫ്ലാഗ് ഓഫ് നടത്തി.
എട്ട് കിലോമീറ്റർ ഓട്ടത്തിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയ അരുൺ പാലക്കാട് 8000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു. പുരസ്കാരം ജി.ടി.എഫ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണർ മജീദ്, ഡയറക്ടർ ജംഷി എന്നിവർ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മലപ്പുറത്തെ സമീലിന് 4000 രൂപ ക്യാഷ് പ്രൈസ് ശ്രീറാം ജ്വല്ലറി പയ്യോളി നൽകി. മൂന്നാം സ്ഥാനം നേടിയ സജിത് ഇടുക്കിക്ക് 2000 രൂപ ക്യാഷ് പ്രൈസ് തൃണബ് ജ്വല്ലറി പയ്യോളി സമ്മാനിച്ചു.
ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് റണ്ണേഴ്സ് ക്ലബ് അംഗം ജിത്തു, വാക്കേഴ്സ് ക്ലബ് അംഗം സുമേഷ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അരുൺ (സഹാനി ഹോസ്പിറ്റൽ), വാർഡ് കൗൺസിലർ ബിനു കാരോളി എന്നിവർ സംസാരിച്ചു. റണ്ണേഴ്സ് ക്ലബ് രക്ഷാധികാരി പ്രേമൻ നന്ദി പറഞ്ഞു