പയ്യോളി: ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള സമ്മതപത്രം നഗരസഭ അനന്തമായി വൈകിപ്പിക്കുന്നതിനെതിരെ പയ്യോളിയിലെ ഓട്ടോ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഒരു വര്‍ഷത്തിലേറെയായി ഇതേ ആവശ്യം ഉന്നയിച്ച് നിരവധി തവണ നഗരസഭയെ സമീപിച്ചെങ്കിലും അപേക്ഷകള്‍ അനുവദിക്കാതെ ചെയര്മാന് ആകാരണമായി നീട്ടികൊണ്ട് പോവുകയാണെന്ന് പറയുന്നു.
നിലവില്‍ അടിയന്തിരമായി അനുവദിക്കേണ്ട 20 അപേക്ഷകള്‍ എങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്റെ ചേംബറില്‍ കുത്തിയിരിപ്പ് ഉള്‍പ്പെടെയുള്ള സമരം ഓട്ടോ തൊഴിലാളികള്‍ നേരത്തെ ചെയ്തിരുന്നു. ഇതൊന്നും ഫലം കാണാത്തത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഒന്‍പതിന് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനം.
തുടര്‍ന്നും അനുവദിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. യു.കെ. പി റഷീദ് അധ്യക്ഷം വഹിച്ച യോഗത്തില്‍ കെ.സി. സതീശന്, സായി രാജേന്ദ്രന്, സുബീഷ്, ടി. സോമന് എന്നിവര്‍ സംസാരിച്ചു. യോഗത്തിന് സി.ടി. റിനീഷ് സ്വാഗതവും വിനോദന്‍ നന്ദിയും പറഞ്ഞു.