പയ്യോളി: ദേശീയപാതയിലെ ഡ്രൈനേജ് വെള്ളം പയ്യോളി ടൗൺ ഡിവിഷനിലൂടെ കൊണ്ട് പോവുന്നത് സംബന്ധിച്ച കാര്യത്തില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല വിളിച്ച യോഗത്തിലും തീരുമാനമായില്ല. ഇന്നലെ വൈകീട്ട് പയ്യോളി മേലടി മാപ്പിള സ്കൂളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.
പയ്യോളി ടൗണിനും പെരുമാള്‍പുരത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിന് കിഴക്കുള്ള നൂറുകണക്കിനു വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകും എന്ന വാദം ഉയര്‍ത്തി പ്രദേശവാസികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പദ്ധതിക്ക് എതിരാണ്. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയാണ് പ്രദേശവാസികള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നത്.
മഴക്കാലമായാല്‍ ബസ്സ്സ്റ്റാണ്ടില്‍ നിന്നുള്ള മലിന ജലം യാതൊരു നിയന്ത്രണവുമില്ലാതെ ഈ പ്രദേശത്താണ് ഒഴുകിയെത്തുന്നത്. ഇത് മൂലം പല വീടുകളിലെയും കിണര്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. ഇതിനിടയിലാണ് ദേശീയപാതയിലെ ഡ്രൈനേജ് വെള്ളം ഇത് വഴി കൊണ്ട് പോവാന്‍ ശ്രമിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടിയാണ് എംഎല്‍എ യോഗം വിളിച്ച് അനുനയ നീക്കം നടത്തിയത്. എംഎല്‍എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വകയിരുത്തി ഈ ബുദ്ധിമുട്ട് പരിഹരിക്കാം എന്ന വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും നാട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഈ മാസം പതിനഞ്ചിനകം പരിഹാരം നിര്‍ദ്ദേശിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യോളി നഗരസഭ അദ്ധ്യക്ഷന്‍ വി.കെ. അബ്ദുറഹിമാന്‍, ഡിവിഷന്‍ കൌണ്‍സിലര്‍ സിപി ഫാത്തിമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.