പയ്യോളി : ദേശീയപാതയ്ക്ക് സമീപത്തുകൂടെ കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ ഇരു റെയിൽവേ ഗേറ്റുകളെയും ബന്ധിപ്പിച്ച് റെയിൽവേ ട്രാക്കിന് കിഴക്ക് ഭാഗത്ത് കൂടെ പുതിയ ഒരു ലിങ്ക് റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ ഫുട്പാത്തിന് സമീപത്തെ സ്ഥലങ്ങൾ ഏറ്റെടുത്തും റെയിൽവേ ഉപയോഗിക്കാത്ത സ്ഥലങ്ങൾ ഉൾപ്പെടുത്തിയും റോഡ് നിർമ്മിക്കാൻ ആകും എന്നാണ് പറയുന്നത്.
ഇതിനായി പയ്യോളി നഗരസഭ മുൻകൈയെടുക്കണമെന്ന് പിഡിപി പയ്യോളി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ റെയിൽവേ ട്രാക്കിന് പടിഞ്ഞാറുവശത്തുള്ള റോഡ് വൺവേ ആക്കിയതിന്റെ ബുദ്ധിമുട്ടും ഇതുവഴി പരിഹരിക്കാനാവുമെന്ന് പറയുന്നു. യോഗത്തിൽ മുസ്തഫ അഫീഫ്, ടിപി ലത്തീഫ്, വി പി ഷംസുദ്ദീൻ, ടി പി സിദ്ദീഖ്, എംസി മുഹമ്മദലി, പി എം ഷജീർ, റസാഖ് തച്ചൻകുന്ന് എന്നിവർ സംസാരിച്ചു.