പയ്യോളി : മഴ ശക്തമാകുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടുന്ന ദുരവസ്ഥയിൽ നിന്ന് പയ്യോളി ടൗണിന് മോചനമാകുന്നു. റെയിൽവേ സ്റ്റേഷൻ റോഡിനും രണ്ടാം ഗേറ്റ് റോഡിനുമിടയിൽ ദേശീയപാതയ്ക്ക് കുറുകെയായി പുതിയ കൾവെർട്ടിന്റെ നിർമ്മാണം ആരംഭിച്ചു. നേരത്തെ പയ്യോളി ടൗണിന് വടക്കുവശത്തായി തീർത്ഥ ഹോട്ടലിന് സമീപത്ത് മാത്രമാണ് കൾവെർട്ട് ഉണ്ടായിരുന്നത്. കിഴക്കുഭാഗത്തെ സർവീസ് റോഡിലുള്ള മഴവെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഇതുവഴി പോകുമെന്നായിരുന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനികളുടെയും വാദം. എന്നാൽ റോഡിന്റെ ഘടന ആ ഭാഗത്തേക്ക് പോകുമ്പോൾ ഉയരുകയാണെന്നും അതിനാൽ വെള്ളം അതിലൂടെ മറുവശത്തേക്ക് എത്തില്ലെന്നും നാട്ടുകാരും സംഘടനകളും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മെയ് അവസാനം മുതൽ മഴ ശക്തമായതോടെ പയ്യോളി വഴിയുള്ള യാത്രയ്ക്ക് മണിക്കൂറുകൾ സമയമെടുത്തിരുന്നു. ഗതാഗതക്കുരുക്ക് പതിവായതോടെ ഒരു മാസത്തിലേറെ കാലം ദീർഘദൂര വാഹനങ്ങളും ലോറികളും വടകരയിൽ നിന്ന് പയ്യോളി ഒഴിവാക്കി വഴി തിരിച്ചു വിട്ടിരുന്നു.
ഇതോടെയാണ് ഇത് സംബന്ധമായ പഠനം വീണ്ടും നടത്തി ദേശീയപാത അതോറിട്ടി ഡിസൈനിൽ മാറ്റം വരുത്തിയത്. ഇത്തരത്തിൽ പയ്യോളി മേഖലയിൽ നാലിടത്താണ് പുതിയ ക്രോസ് കൾവെർട്ട് നിർമ്മിക്കുന്നത്. തിക്കോടി പഞ്ചായത്ത് ബസാറിലും പെരുമാൾ പുരത്ത് പുലി റോഡിന് സമീപത്തും അയനിക്കാട് അയ്യപ്പക്ഷേത്രത്തിന് സമീപത്തമാണ് മറ്റു മൂന്നിടങ്ങൾ. പയ്യോളി ടൗണിലെ കൾവെർട്ടിന്റെ നിർമ്മാണം പൂർത്തിയായാൽ മേൽപ്പാലത്തിന്റെ വടകര ഭാഗത്തേക്കുള്ള പ്രവർത്തി വേഗം പൂർത്തിയാക്കാൻ ആകും എന്നാണ് നിർമ്മാണ കമ്പനിയുടെ പ്രതീക്ഷ.