പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം യഥാസമയം നല്‍കാത്തതില്‍ ഭാരതീയ ദലിത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

news image
Jun 14, 2024, 4:53 am GMT+0000 payyolionline.in

കോഴിക്കോട്: പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം യഥാസമയം നല്‍കാത്തതില്‍ ഭാരതീയ ദലിത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇ-ഗ്രാന്‍റ് അടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഈ വിഭാഗത്തിനു യഥാസമയം ലഭിക്കാതായിട്ട് വര്‍ഷങ്ങളായി.

പട്ടികജാതി വിദ്യാര്‍ഥികളുടെ ഫീസിനത്തില്‍ എയ്ഡഡ് കോളേജുകള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ വിഹിതം യഥാസമയത്ത് നല്‍കാത്തതുമൂലം അഡ്മിഷന്‍ സമയത്ത് ഫീസിനത്തില്‍ തുകമുഴുവനും ആവശ്യപ്പെടുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് എയ്ഡഡ് കോളേജുകളില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യവും തുടര്‍ വിദ്യാഭ്യാസത്തിനായി സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിനായി തടസ്സവും ഹോസ്റ്റല്‍ ഫീസ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം തുടരാനാകാതെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നത് ഗൗരവകരമായ കാര്യമാണ്.

 

പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് കോച്ചിംഗിനുളള ധനസഹായവും വര്‍ഷങ്ങളായി വിതരണം ചെയ്യുന്നില്ല. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായവും യഥാസമയത്ത് കിട്ടുന്നില്ല. ഇത്തരത്തില്‍ വിദ്യാഭ്യാസരംഗത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരമുണ്ടാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭാരതീയ ദലിത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.


സാമൂഹിക നവോത്ഥാന നായകന്‍ മഹാത്മ അയ്യങ്കാളിയുടെ അനുസ്മരണം 18-06-2024 ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള ഡി.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനും അന്ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ബ്ലോക് ആസ്ഥാനങ്ങളില്‍ പുഷ്പാര്‍ച്ചന നടത്താനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് ഇ.കെ. ശീതള്‍രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണന്‍ ചെറുവാടി, ഷിബു പെരുന്തുരുത്തി, ശ്രീധരന്‍ കോട്ടപ്പള്ളി, ലാലുമോന്‍ ചേരിച്ചാലില്‍, ശിവദാസന്‍ കാഞ്ഞിരാട്ട്, ശശികുമാര്‍ കെ.കെ എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ പാണനില്‍ സ്വാഗതവും ഷാജി മുണ്ടക്കല്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe