ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലഫ്.ഗവർണർ വി.കെ. സക്സേന രാജിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ പ്രഗതി മൈതാൻ ടണലിൽ പട്ടാപ്പകൽ രണ്ടുപേർ കൊള്ളയടിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് കെജ്‍രിവാൾ രംഗത്തുവന്നത്. ഡൽഹി ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരാൾക്കായി സക്സേന വഴിമാറണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ, ഡൽഹിയിലെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാർ എ.എ.പി സർക്കാരിന് കൈമാറണമെന്നും ആവശ്യപ്പെട്ടു.
രണ്ടു മോട്ടോർ സൈക്കിളുകളിലായി എത്തിയ നാലംഗ സംഘമാണ് ടാക്സി യാത്രക്കാരെ കൊള്ളയടിച്ച് രണ്ടു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. സംഭവം നടന്നയുടൻ കവർച്ചക്കിരയായ യുവാക്കൾ പരാതി നൽകിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വൈകുന്നേരമാണ് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ചാന്ദ്നി ചൗക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ഡെലിവറി ഏജന്റുമാരായ യുവാക്കളാണ് കവർച്ചക്കിരയായതെന്നും പൊലീസ് പറഞ്ഞു. ഒരു ക്ലയന്റിന് പണം കൈമാറാൻ പോകുന്നതിനിടെയാണ് കവർച്ച നടന്നത്. ചെങ്കോട്ടക്കു സമീപം വെച്ചാണ് ഇരുവരും ടാക്സി വിളിച്ചത്. അവർ പ്രഗതി മൈതാൻ ടണലിലേക്ക് കടന്നതും നാലുപേർ ടാക്സി തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി പണം അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കവർച്ചക്കാർ സൗത്ത് ഡൽഹിയിലേക്കാണ് പോയതെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.