ദേശീയപാത 66 ഡിസംബറിൽ പൂർത്തിയാകുമോ?: നിർമാണത്തിൽ ആശങ്കയുമായി കരാറുകാർ

news image
Mar 19, 2025, 2:26 pm GMT+0000 payyolionline.in

കൊല്ലം: ദേശീയപാത 66 വികസനത്തിൽ ജില്ലയിലെ 2 റീച്ചുകളിലെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയിൽ കരാറുകാർ. കൊറ്റുകുളങ്ങര–കാവനാട് റീച്ചിൽ (31.5 കിലോമീറ്റർ) 58 ശതമാനവും കാവനാട് – കടമ്പാട്ടുകോണം റീച്ചിൽ (31.25 കിലോമീറ്റർ) 60 ശതമാനവും പൂർത്തിയായെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നുണ്ടെങ്കിലും ഈ വർഷം ഡിസംബറിൽ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിക്കാനാകുമോ എന്നതാണ് ആശങ്ക. നേരത്തെ ഈ വർഷം ജൂണില്‍ തീർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പാറ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത നിർമാണത്തെ ബാധിച്ചതോടെയാണ് പൂർത്തീകരണ തീയതി ആറു മാസം കൂടി നീട്ടിയത്.

വേനൽ മഴയും തുടർന്ന് എത്തുന്ന കാലവര്‍ഷവും നിർമാണത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം കല്ലുംതാഴത്തിന് അടുത്ത് റോഡ് ഇടിഞ്ഞതു പോലെയുള്ള സംഭവങ്ങൾ നിർമാണ വേഗത്തെ ബാധിക്കുമെന്നും കരാറുകാർ ആശങ്കപ്പെടുന്നു. പാലങ്ങളുടെ നിർമാണത്തിൽ പൈലിങ്ങും പില്ലർ നിർമാണവുമാണ് ഏറെ സമയമെടുക്കുന്നത്. കരുനാഗപ്പള്ളി മേൽപാലമൊഴികയുള്ളവയിൽ പൈലിങ് പൂർത്തിയാക്കി പില്ലർ ഉയർന്നിട്ടുണ്ട്. 100 ദിവസത്തിനുള്ളിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ, സർവീസ് റോഡുകളുടെ വീതി കുറവായതിനാൽ ഗതാഗതക്കുരുക്കും പതിവു കാഴ്ചയെന്നു നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ ഓടകൾ നിർമിച്ചെങ്കിലും അവയുടെ മുകളിലുള്ള സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല. ഓടയിലേക്കു വീണ് അപകടത്തിനുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ ഓച്ചിറ മേഖലയിലെ നിർമാണം അതിവേഗമായിരുന്നു. എന്നാൽ, ഒരു വർഷമായി മെല്ലെപ്പോക്കെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. കരുനാഗപ്പള്ളി മേൽപാലത്തിന്റെ പൈലിങ് തുടരുന്നുണ്ട്. മേൽപാലത്തിന്റെ നീളം വർധിപ്പിച്ചതാണ് പൈലിങ് വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

പാലങ്ങള്‍, അടിപ്പാത, സർവീസ്‌ റോഡ്‌ എന്നിവയുടെ നിർമാണം 60 ശതമാനം പൂർത്തീകരിച്ചെങ്കിലും മെയിൻ റോഡ്‌, മേൽപാലങ്ങളുടെ പാർശ്വഭിത്തി നിർമാണം തുടങ്ങിയവയ്ക്കു വേഗതയില്ല. മേൽപാലങ്ങളുടെ ഗ്രഡ്‌ജറുകൾ സ്ഥാപിക്കുന്ന ജോലി ചിലയിടങ്ങളിൽ ഇഴയുകയാണ്‌. കുരീപ്പുഴയിൽ പാലം നിർമാണത്തിനിടെ സർവീസ്‌ റോഡിന്‌ വീതി കുറവാണെന്ന്‌ ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ തർക്കം ഉന്നയിച്ചു.

ബൈപ്പാസിൽ കാവനാട്‌ ഭാഗത്ത്‌ പാലം ഇറങ്ങിവരുന്നിടത്ത്‌ പ്രഷർ കോമ്പാക്ട്‌ മെഷീൻ ഉപയോഗിച്ച്‌ മണ്ണ്‌ ഉറപ്പിക്കുമ്പോൾ  വീടുകൾക്ക്‌ കുലുക്കം സംഭവിക്കുന്നുവെന്നും ഭിത്തിക്ക്‌ വിള്ളലുകൾ ഉണ്ടാവുന്നു എന്നുമാണ്‌ പരിസരവാസികളുടെ പരാതി.

ഓച്ചിറ മുതൽ കാവനാട് വരെ അധികമായി വേണ്ടിവരുന്ന ഒരേക്കറോളം ഭൂമി ഏറ്റെടുത്തു. ടോൾ പ്ലാസ നിർമാണം പാരിപ്പള്ളിയിൽ പൂർത്തിയായി. ഓച്ചിറയിൽ ടോൾ പ്ലാസ നിർമാണത്തിന്‌ സൈറ്റ്‌ ലൊക്കേഷൻ പൂർത്തിയായി. അടിപ്പാത നിർമാണം എല്ലായിടത്തും പൂർത്തിയായി. മെയിൻ റോഡ്‌ നിർമാണം നീണ്ടകര, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഇടവിട്ട്‌ പൂർത്തിയായിട്ടുണ്ട്‌. നിർമാണത്തിന്റെ വേഗം കൂട്ടണമെന്നും ഈവർഷം നിർമാണം പൂർത്തീകരിക്കണമെന്നും ആവശ്യം ശക്തമായി.

∙ കാവനാട് – കടമ്പാട്ടുകോണം റീച്ച് ദൈർഘ്യം : 31.5 കിലോമീറ്റർ, പൂർത്തിയായത്: 58 ശതമാനം പ്രതീക്ഷിക്കുന്ന ചെലവ്: 3023.78 കോടി രൂപ
∙ കൊറ്റുകുളങ്ങര–കാവനാട് റീച്ച് ദൈർഘ്യം: 31.25 കിലോമീറ്റർ, പൂർത്തിയായത്: 60 ശതമാനം പ്രതീക്ഷിക്കുന്ന ചെലവ്: 3353.21 കോടി രൂപ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe