തെരുവ് നായ ആക്രമണം: നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

news image
Mar 13, 2023, 12:44 pm GMT+0000 payyolionline.in

തിരുവനന്തപുരം : തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001) ചട്ടങ്ങൾ എന്നിവയിൽ ഫലപ്രദമായ ഭേദഗതികൾ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാർശകൾ കേന്ദ്ര സർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.

സംസ്ഥാന സർക്കാരിന് വേണ്ടി തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാക്സിനേഷൻ കൊണ്ടു മാത്രം തെരുവ് നായ്ക്കളുടെ ശല്യം കുറക്കാനാവില്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു.1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം ‘ പേവിഷബാധയേറ്റ നായ്ക്കളെയും എ.ബി.സി. റൂൾ 2001 ചട്ടം (9) പ്രകാരം മാരക മുറിവേറ്റതും ഭേദമാകാത്ത അസുഖങ്ങളുമുള്ള നായകളെയും മാത്രമേ കൊല്ലാൻ വ്യവസ്ഥയുള്ളു. ഈ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe