തൃശൂർ വാഴക്കോട്ടെ ആനക്കൊല: മുഖ്യപ്രതി കടന്നത് ​ഗോവയിലേക്ക്, ആനയെ കുഴിച്ചിടാൻ എത്തിയ 2 പേർ കസ്റ്റ‍ഡിയിൽ

news image
Jul 14, 2023, 10:54 am GMT+0000 payyolionline.in

തൃശൂർ: വാഴക്കോട്ടെ ആനക്കൊലയിൽ നിർണായക കണ്ടെത്തൽ. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് കടന്നത് ഗോവയിലേക്കെന്ന് കണ്ടെത്തി. ഭാര്യ ​ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്. വനംവകുപ്പ് സംഘം ​ഗോവയിലെത്തി. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി സംശയിക്കുന്നു. സംഭവത്തിലെ  2 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ആനയെ കുഴിച്ചിടാൻ ജെസിബിയുമായെത്തിയ രണ്ടു പേരാണ് പിടിയിലായത്.

ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് രം​ഗത്തെത്തിയിരുന്നു. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. അഖിൽ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ബാക്കി 3 പ്രതികൾ റിമാൻറിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്. 15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു. ജഡം കണ്ടെത്തിയ തോട്ടത്തിന്‍റെ ഉടമ ഒളിവിലാണ്.

ആനയെ കൊന്നതാണോ എന്നും ഷോക്കേറ്റതാണോയെന്നും സംശയമുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്. ആന ചരിഞ്ഞതാണെങ്കിൽ വനം വകുപ്പിന്റെ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. ഇത്തരത്തിൽ വനം വകുപ്പിനെ അറിയിക്കാതെ ജഡം കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. കൊന്നതാണെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe