കേരളാ സർക്കാരിന് തിരിച്ചടി, കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്; റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം

news image
Jul 14, 2023, 11:32 am GMT+0000 payyolionline.in

ദില്ലി : കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല. ഇതിനെതിരെയുള്ള വ്യാപാരികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കണ്ടത്. ഓൾ കേരള റീട്ടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ് സർക്കാർ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്. കാർഡുകൾ കൂടുതലുളള റേഷൻ കടകൾക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. സംസ്ഥാനത്ത് മൊത്തം ഇങ്ങനെ നൽകാനുളള തുക കോടികൾ വരും. അഭിഭാഷകൻ എം.ടി ജോർജ്ജ് വ്യാപാരികൾക്കായി ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe